‘പല്ലന്‍ ഷൈജു… ഇങ്ങു പോര്, ഇങ്ങു പോര്’ വെല്ലുവിളിക്ക് മറുപടി; ജയിലില്‍ അടയ്ക്കുന്ന വീഡിയോ പങ്കിട്ട് പോലീസിന്റെ ‘ട്രോള്‍’

കല്‍പ്പറ്റ: സാമൂഹിക മാധ്യമങ്ങളിലൂടെ പൊലീസിനെ വെല്ലുവിളിച്ച പല്ലന്‍ ഷൈജു എന്ന ഗുണ്ടയെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. വയനാട്ടിലെ റിസോര്‍ട്ടില്‍ ഒളിവില്‍ കഴിയവേയാണ് ഇയാളെ കോട്ടക്കല്‍ പോലീസ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തി പൊക്കിയത്.

ഇതിന് പിന്നാലെ വെല്ലുവിളി നടത്തിയ നെല്ലായി പന്തല്ലൂര്‍ മച്ചിങ്ങല്‍ വീട്ടില്‍ ഷൈജു (പല്ലന്‍ ഷൈജു-43) വിനെ പിടികൂടുന്ന വീഡിയോ പങ്കുവെച്ച് തിരിച്ചടിക്കുകയാണ് ഇപ്പോള്‍ പോലീസ്. ഫേസ്ബുക്ക് പേജിലൂടെയാണ് സിനിമാ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയ ട്രോള്‍ വീഡിയോ കേരള പോലീസ് പുറത്തുവിട്ടിരിക്കുന്നത്.’ഞാന്‍ കടലിലാണ്, കരയിലല്ലേ നില്‍ക്കാന്‍ പറ്റാതെയുള്ളൂ’ എന്ന് പല്ലന്‍ ഷൈജു പറയുന്ന വീഡിയോക്ക് പിന്നാലെയാണ് പിടികൂടി സ്റ്റേഷനിലെത്തിച്ച് സെല്ലില്‍ അടയ്ക്കുന്ന വീഡിയോ പോലീസ് പങ്കിട്ടത്.

നിരവധി കേസുകളില്‍ പ്രതിയാണ് ഷൈജു. തൃശുര്‍ കൊടകര സ്വദേശിയായ പല്ലന്‍ ഷൈജുവിനെ കഴിഞ്ഞ മാസം ഗുണ്ടാ നിയമപ്രകാരം കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. ഒരു വര്‍ഷത്തേക്ക് തൃശൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ സാധിക്കില്ലെന്നായിരുന്നു വ്യവസ്ഥ. ജില്ലയില്‍ പ്രവേശിച്ചു എന്ന് തെളിഞ്ഞാല്‍ മൂന്ന് വര്‍ഷം വരെ വിചാരണ കൂടാതെ തടവില്‍ പാര്‍പ്പിക്കാം. ഇതിന് പിന്നാലെ ‘താന്‍ കടലിലാണ് ഉള്ളത്. അതിര്‍ത്തികളില്‍ താന്‍ ഉണ്ട്’ എന്നുപറഞ്ഞ് ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടത്.

തൃശൂര്‍ കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ ഗുണ്ടാ സംഘ നേതാവായ ഷൈജു പിന്നീട് കുഴല്‍പ്പണം തട്ടുന്ന സംഘത്തിന്റെ നേതാവായി മാറി. ഇയാള്‍ തൃശൂരില്‍ നിന്ന് പന്തല്ലൂരിലേക്ക് വര്‍ഷങ്ങള്‍ക്കു മുന്‍പ് താമസം മാറ്റുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ജില്ലയില്‍ തന്നെ നിരവധി വീടുകളില്‍ കയറി ആക്രമിച്ചതിന്റെ പേരിലുള്ള കേസുകളിലും കൊലപാതക ശ്രമ കേസുകളിലും പ്രതിയാണ് പല്ലന്‍ ഷൈജു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News