ടെല്‍ അവീവ്: പലസ്തീന്‍-ഇസ്രയേല്‍ സംഘര്‍ഷം നാലാം ദിവസവും അതിരൂക്ഷമായി തുടരുന്നു. അതിശക്തമായ ആക്രമണമാണ് ഇസ്രയേല്‍ പലസ്തീന് നേരെ നടത്തുന്നത്. ഇസ്രയേല്‍ പോര്‍വിമാനം ഉപയോഗിച്ച് പലസ്തീനില്‍ വ്യോമാക്രമണങ്ങള്‍ നടത്തുകയാണ്. ഗാസയില്‍ 600 സ്ഥലങ്ങളില്‍ ആക്രമണം നടത്തിയതായി ലഫ്റ്റനന്റ് കേണല്‍ ജോനാഥന്‍ കോണ്‍റിക്കസ് സ്ഥിരീകരിച്ചു.
പോര്‍വിമാനങ്ങളും നിയന്ത്രിത ബോംബുകളും ഉപയോഗിച്ചായിരുന്നു ഇസ്രയേല്‍ സേന ആക്രമണം നടത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വലിയ കെട്ടിടങ്ങള്‍ വരെ ബോംബുകള്‍ വീണ് തകരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഹമാസ് പോരാളികളുടെ താവളങ്ങളാണ് തകര്‍ത്തതെന്ന് ഇസ്രയേല്‍ വ്യക്തമാക്കി . ഇസ്രയേല്‍ പ്രതിരോധ സേനാ മേധാവിയുടെ മാര്‍ഗനിര്‍ദേശപ്രകാരം രണ്ട് കാലാള്‍പ്പടയുമായി ഗ്രൗണ്ട് ഓപ്പറേഷന് തയ്യാറെടുക്കുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. അതേസമയം ഹമാസിന്റെ ഭാഗത്തു നിന്നു ഇതിനോടകം 1,600 ലധികം മിസൈലുകള്‍ ഇസ്രയേലിനു നേരെ പ്രയോഗിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.