ന്യൂഡൽഹി: ഏറ്റുമാനൂരിലെ യാത്രാക്കാരുടെ ദുരിതത്തിന് ശാശ്വത പരിഹാരമായി പാലരുവിക്ക് സ്റ്റോപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാഴികാടൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം നൽകി. നിരവധി തീർത്ഥാടന കേന്ദ്രങ്ങളും മെഡിക്കൽ കോളേജ്, എം ജി യൂണിവേഴ്സിറ്റി, ഐ. സി. എച് പോലുള്ള സർക്കാർ സ്ഥാപനങ്ങളോടും സമ്പന്നമായ ഏറ്റുമാനൂരിൽ പാലരുവിയുടെ സ്റ്റോപ്പിന്റെ ആവശ്യകത അദ്ദേഹം കേന്ദ്രമന്ത്രിയെ അറിയിച്ചു. ശബരിമല പ്രധാന ഇടത്താവളങ്ങളിൽ ഒന്നായ ഏറ്റുമാനൂരിൽ എത്തുന്ന ഭക്തരുടെ ആവശ്യം കൂടി കണക്കിലെടുത്ത് മണ്ഡല കാലത്ത് തന്നെ സ്റ്റോപ്പ് നൽകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
പാലരുവിയുടെ വിഷയവുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് തോമസ് ചാഴികാടൻ കേന്ദ്രമന്ത്രിയെ കാണുന്നത്. 2019 ഡിസംബർ 12 ന് അന്ന് കേന്ദ്ര റെയിൽവേ മന്ത്രിയായ പീയുഷ് ഗോയലിനെ നേരിൽ കണ്ട് ഈ വിഷയം അവതരിപ്പിച്ചെങ്കിലും നിരാശയായിരുന്നു ഫലം. പാസഞ്ചർ അസോസിയേഷൻ മുഖേന റെയിൽവേ അധികാരികളെയും കേന്ദ്ര മന്ത്രിമാരെയും പല തവണ കണ്ടെങ്കിലും ഏറ്റുമാനൂരിൽ സ്റ്റോപ്പ് നൽകുന്നതിൽ റെയിൽവേ കാണിക്കുന്ന നിഷേധാത്മക നിലപാട് തുടരുകയാണ്. യാതൊരു വരുമാനവുമില്ലാത്ത പല സ്റ്റേഷനിലും പാലരുവിയ്ക്ക് സ്റ്റോപ്പ് ഉണ്ട്. കൊല്ലം മുതൽ എറണാകുളം വരെ എല്ലാ സ്റ്റേഷനിലും നിർത്തുന്ന പാലരുവിയ്ക്ക് ഐലൻഡ് പ്ലാറ്റ് ഫോം പോലെ നവീന സാങ്കേതിക മികവിൽ ശോഭിക്കുന്ന ഏറ്റുമാനൂരിൽ മാത്രം സ്റ്റോപ്പ് ഇല്ല. യാത്രക്കാരുടെ എണ്ണത്തിൽ കോട്ടയം കഴിഞ്ഞാൽ ജില്ലയിൽ ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്നത് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനാണെന്ന് യാതൊരു സംശയവുമില്ല.
എറണാകുളത്ത് ഓഫീസ് സമയം പാലിക്കുന്ന ഏക ട്രെയിനായ പാലരുവി എക്സ്പ്രസ്സിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിക്കാതിരുന്നത് യാത്രക്കാരുടെ ഇടയിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇരട്ടപ്പാതയും അനുബന്ധ സൗകര്യങ്ങളുമടക്കം കേരളത്തിലെ തന്നെ മികച്ച സ്റ്റേഷനുകളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടും ഏറ്റുമാനൂരിലെ ജനങ്ങളുടെ യാത്രാക്ലേശത്തിന് ഒരു പരിഹാരമായിരുന്നില്ല. കോട്ടയം ജില്ലയിലെ ഭൂരിപക്ഷം യുവാക്കളും എറണാകുളത്തെ ഐ.റ്റി മേഖലയിലും മറ്റു കച്ചവടസ്ഥാപനങ്ങളിലും ജോലിയ്ക്കായി എറണാകുളം ജില്ലയെ ആശ്രയിക്കുന്നവരാണ്.
അതിരമ്പുഴ, കിടങ്ങൂർ, പാലാ, പേരൂർ, നീണ്ടൂർ, ആർപ്പുക്കര നിവാസികളും എറണാകുളത്തെ സ്ഥിതിചെയ്യുന്ന ഹൈക്കോടതി, ബ്രോഡ് വേ, ഇൻഫോ പാർക്ക്, മാളുകൾ, മറ്റു വ്യവസായ സ്ഥാപനങ്ങളിലേയ്ക്കും ദിവസേന യാത്രചെയ്തു മടങ്ങുന്ന സ്ഥിരയാത്രക്കാരും MG യൂണിവേഴ്സിറ്റി, മെഡിക്കൽ കോളേജ്, ITI ജീവനക്കാരും വിദ്യാർത്ഥികളും അടങ്ങുന്ന വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ പാലരുവിയ്ക്ക് വേണ്ടിയുള്ള ശ്രമങ്ങൾ എകോപിപ്പിക്കുന്നുണ്ട്. ഓരോ ആഴ്ചയിലും ജനപ്രതിനിധികൾ നടത്തുന്ന ഇടപെടലുകൾ വിലയിരുത്തുന്നുണ്ട്.
പുലർച്ചെ 06 40 ന് കടന്നുപോകുന്ന മെമുവിന് സ്ത്രീകളടക്കമുള്ള യാത്രക്കാർക്ക് എത്തിച്ചേരുക എളുപ്പമുള്ള കാര്യമല്ല. പാലരുവിയ്ക്ക് വേണ്ടി ഏറ്റുമാനൂരിൽ നടത്തിയ പ്രതിഷേധത്തിലെ സ്ത്രീ സാന്നിധ്യം ഇത് ശരിവെയ്ക്കുന്നു. പാലരുവിയ്ക്ക് ഏറ്റുമാനൂർ സ്റ്റോപ്പ് അനുവദിക്കുന്നതിലൂടെ ഏറ്റുമാനൂർ സ്റ്റേഷന് വരുമാനം വർദ്ധിക്കുകയും ഒപ്പം സ്റ്റേഷനെ ആശ്രയിച്ചു ജീവിക്കുന്ന കച്ചവടക്കാർക്കും ഓട്ടോ ടാക്സി ജീവനക്കാർക്കും കൂടുതൽ മെച്ചമുണ്ടാകുന്നതുമാണ്.
ഏറ്റുമാനൂരിൽ എക്സ്പ്രസ്സ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചാൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാകുന്നത് അതിരമ്പുഴ അതിരമ്പുഴ പഞ്ചായത്തിനാണ്. പാലരുവിയുടെ വിഷയവുമായി ബന്ധപ്പെട്ട് പാസഞ്ചർ അസോസിയേഷനിൽ നിന്ന് നിവേദനം നൽകിയിട്ടുള്ളതാണ്. അടിയന്തിര പ്രമേയം അവതരിപ്പിക്കുമെന്ന് വാഗ്ദാനം മാത്രം നൽകി മടക്കിയതല്ലാതെ പഞ്ചായത്തിൽ നിന്നും യാതൊരു പിന്തുണയും ലഭിക്കാത്തതിൽ യാത്രക്കാർക്ക് പ്രതിഷേധമുണ്ട്. കേന്ദ്ര പ്രതിപക്ഷ നിരയിൽ ലോക് സഭയിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള കൊണ്ഗ്രെസ്സ് ഭരിക്കുന്ന അതിരമ്പുഴ പഞ്ചായത്ത് നിഷ്ക്രിയത്വം പാലിക്കുന്നത് ഖേദകരമാണ്.
ഏറ്റുമാനൂർ രാധാകൃഷ്ണൻ ഡിസംബർ ആദ്യവാരം കേന്ദ്ര മന്ത്രിയെ നേരിൽ കണ്ട് പാലരുവിയുടെ വിഷയം അവതരിപ്പിച്ചിരുന്നു. നവംബറിൽ പാസഞ്ചർ അമിനിറ്റി ചെയർമാൻ ശ്രീ. പി. കെ. കൃഷ്ണദാസിന് ഏറ്റുമാനൂർ BJP കൗൺസിലറുമാർ നിവേദനം നൽകിയിരുന്നു.
പാലരുവിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് നാല് വർഷമായി. ഓരോ ദിവസം ചെല്ലുംതോറും ആവശ്യക്കാരുടെ എണ്ണം കൂടി വരുന്നതിനാൽ പാലരുവിയ്ക്ക് വേണ്ടിയുള്ള ശ്രമങ്ങൾ ശക്തമായി തന്നെ തുടരുമെന്ന് യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓൺ റെയിൽസ് അറിയിച്ചു.