കോട്ടയം: ഏറ്റുമാനൂര്‍ വഴി കടന്നുപോകുന്ന പാലരുവി എക്‌സ്പ്രസിന് ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിയ്ക്കണമെന്നാവശ്യപ്പെട്ട് ഏറ്റുമാനൂരില്‍ റെയില്‍വേയാത്രക്കാരുടെ പ്രതിഷേധം.സ്ഥിരം യാത്രക്കാരുടെ സംഘടനകളിലൊന്നായ ഫ്രണ്ട്‌സ ഓണ്‍ റെയിലിന്റെ ആഭിമുഖ്യത്തിലായിരുന്നു പ്രക്ഷോഭം.
ഏറ്റുമാനൂര്‍ റെയില്‍വേ സ്‌റ്റേഷനോടുള്ള അവഗണന അവസാനിപ്പിയ്ക്കണമെന്നാവശ്യപ്പെട്ടുള്ള പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി സ്ത്രീകളും വിദ്യാര്‍ത്ഥിനികളുമടക്കം നിരവധിപേര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. രാവിലെ ആറേകാല്‍ മുതല്‍ 9 വരെയായിരുന്നു യാത്രക്കാരുടെ കൂട്ടായ്മ.
പുതിയ കോച്ചുകള്‍ വന്നതിനേത്തുടര്‍ന്ന് വേണാട് എസ്സ്പ്രസ് വൈകിയോടുന്നതിനാല്‍ കടുത്ത യാത്രാ ദുരിതമാണ് ഏറ്റുമാനൂിലടക്കം ഇറങ്ങേണ്ട യാത്രക്കാര്‍ അനുഭിയ്ക്കുന്നത്. രാവിലെ 6.45 ന് കോട്ടയം വഴി കടന്നുപോകുന്ന പാസഞ്ചര്‍ കഴിഞ്ഞാല്‍ പിന്നീട് 9 മണിയ്ക്ക് വേണാട് എ്‌സപ്രസ് മാത്രമാണ് ഇതുവഴിയുള്ള ട്രെയിന്‍. വൈകുന്നേരം ഏഴുമണിയ്ക്ക് എറണാകുളത്തു നിന്നും പുറപ്പെടുന്ന പാലരുവിയും ഏറ്റുമാനൂരിലെ യാത്രക്കാര്‍ക്ക് ഗുണകരമാണ്.
സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം സൗകര്യം പരിമിതമെന്ന് ചൂണ്ടിക്കാട്ടിയാണ് സമീപത്തെ ചെറു സ്റ്റേഷനുകള്‍ക്കുപോലും പാലരുവിയ്ക്ക് സ്റ്റോപ്പ് അനുവദിച്ചപ്പോള്‍ ഏറ്റുമാനൂരിനെ റെയില്‍വേ അവഗണിച്ചത്. എന്നാല്‍ സ്‌റ്റേഷന്‍ നവീകരണത്തോടെ ഈ വിഷയത്തില്‍ പരിഹാരമുണ്ടായി.
ഏറ്റുമാനൂരില്‍ സ്‌റ്റോപ്പ് അനുവദിച്ചാല്‍ പാലരുവിയുടെ നിലവിലെ സമയക്രമത്തെ ഒരു തരത്തിലും ബാധിയ്ക്കില്ല എന്നും ചൂണ്ടിക്കാണിയ്ക്കപ്പെടുന്നു. ഒപ്പം ഏറ്റുമാനൂര്‍ സ്റ്റേഷന്റെ വരുമാനവും വര്‍ദ്ധിയ്ക്കും. വാണിജൃ-വ്യവസായിക മേഖലയിലെ വരുമാനവര്‍ദ്ധനവ് അടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ച് ഏറ്റുമാനൂരിലെ പൊതുസമൂഹവും യാത്രക്കാര്‍ക്കൊപ്പം അണി ചേര്‍ന്നിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങി നൂറുകണക്കിനാളുകള്‍ ദിനംപ്രതി ആശ്രയിക്കുന്ന നിരവധി സ്ഥാപനങ്ങളാണ് ഏറ്റുമാനൂരിലുള്ളത്.ആവശ്യമുന്നയിച്ച് പ്രദേശത്തെ എം.പി,എം.എല്‍.എ അടക്കമുള്ള ജനപ്രതിനിധികള്‍ക്കും യാത്രക്കാര്‍ നിവേദനം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധ കൂട്ടായ്മകളുമായി രംഗത്തെത്തിയിരിയ്ക്കുന്നത്.