പാലക്കാട്: പാലക്കാട് – തിരുനെൽവേലി പാലരുവി എക്സ്പ്രസ് (16791, 16792) 15 മുതൽ തൂത്തുക്കുടിയിലേക്കു നീട്ടും. പാലക്കാട് ജംക്ഷൻ റെയിൽവേ സ്റ്റേഷനിൽ 15നു 3.45നു കേന്ദ്രമന്ത്രി സുരേഷ് ഗോപി ഫ്ലാഗ്ഓഫ് നിർവഹിക്കും. എറണാകുളം – ഹൗറ അന്ത്യോദയ എക്സ്പ്രസിന്റെ ആലുവയിലെ സ്റ്റോപ്പും ഇതോടൊപ്പം ഉദ്ഘാടനം ചെയ്യും.
വൈകിട്ട് 4.05നു പാലക്കാട് നിന്നു പുറപ്പെടുന്ന പാലരുവി പിറ്റേന്നു രാവിലെ തൂത്തുക്കുടിയിലെത്തും. തുടക്കത്തിൽ പുനലൂർ വരെയായിരുന്ന സർവീസ് പിന്നീട് ചെങ്കോട്ടയിലേക്കും 2 വർഷം മുൻപു തിരുനൽവേലിയിലേക്കും നീട്ടുകയായിരുന്നു. തിരുനെൽവേലിയിൽ നിന്ന് 60 കിലോമീറ്റർ അകലെയാണു തുറമുഖ പട്ടണമായ തൂത്തുക്കുടി. ഇവിടത്തുകാർ പ്രധാനമായി ആശ്രയിക്കുന്ന തിരുനെൽവേലിയിലേക്കു നേരിട്ടു ട്രെയിനുകൾ കുറവായതിനാൽ ജനപ്രതിനിധികളുടെ നിരന്തര ആവശ്യത്തിലാണു നടപടി.
തൂത്തുക്കുടിയിൽ നിന്നു കൂടുതൽ ചരക്കുകളും ലഭിക്കുമെന്നതിനാൽ വരുമാന വർധനയും പ്രതീക്ഷിക്കുന്നു. ഉദ്ഘാടന ചടങ്ങിൽ വി.കെ.ശ്രീകണ്ഠൻ എംപി, തിരുവനന്തപുരം, പാലക്കാട് ഡിവിഷനൽ റെയിൽവേ മാനേജർമാരായ ഡോ.മനീഷ് തപ്ലിയാൽ, അരുൺകുമാർ ചതുർവേദി എന്നിവരും പങ്കെടുക്കും.