പാലാരിവട്ടം മേല്‍പ്പാലം വെള്ളിയാഴ്ച ഗതാഗതത്തിന് സജ്ജമാകും; ഭാരപരിശോധന ഇന്നു മുതല്‍

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തിയായതായി ഡിഎംആര്‍സി. ഗതാഗതത്തിന് സജ്ജമായി അടുത്ത വെള്ളിയാഴ്ച സര്‍ക്കാരിന് കൈമാറുമെന്ന് ഡിഎംആര്‍സി അധികൃതര്‍ അറിയിച്ചു.

പാലത്തിന്റെ ടാറിങ് ജോലികള്‍ പൂര്‍ത്തിയായതോടെ ഭാര പരിശോധന ഇന്നു മുതല്‍ തുടങ്ങും. കയറ്റാവുന്ന പരമാവധി ഭാരത്തിന്റെ അഞ്ചിലൊന്ന് ഭാരമാണ് ആദ്യം കയറ്റുക. പിന്നീടിത് ഘട്ടംഘട്ടമായി ഉയര്‍ത്തും. 24മണിക്കൂര്‍ പാലത്തിന് മുകളില്‍ ഭാരം കയറ്റിയ ട്രക്കുകള്‍ നിര്‍ത്തിയിടും. ട്രക്കുകള്‍ മാറ്റിയ ശേഷം ഗര്‍ഡറുകള്‍ക്ക് വളവോ വിള്ളലോ ഉണ്ടായോ എന്ന് പരിശോധിക്കും. മാര്‍ച്ച് നാല് വരെ ഭാരപരിശോധന ഉണ്ടാകും.

അതേസമയം, തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവില്‍വന്നതോടെ പാലാരിവട്ടം മേല്‍പാലം ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങില്ലാതെ തുറന്നു നല്‍കാനാണ് സര്‍ക്കാര്‍ നീക്കം.

ഡിഎംആര്‍സിയുടെ മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ സൊസൈറ്റിയാണ് റെക്കോര്‍ഡ് വേഗത്തില്‍ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 28നാണ് പാലത്തിന്റെ പൊളിച്ചു പണിയല്‍ ജോലികള്‍ തുടങ്ങിയത്. പണി പൂര്‍ത്തിയാക്കാന്‍ ജൂണ്‍ വരെ സമയം അനുവദിച്ചിരുന്നു. ഉദ്ഘാടനം നടത്താനായില്ലെങ്കിലും പറഞ്ഞതിലും മൂന്ന് മാസം മുന്‍പ് നിര്‍മാണം പൂര്‍ത്തിയാക്കാനായത് സര്‍ക്കാരിന് നേട്ടമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News