കൊച്ചി: പാലാരിവട്ടം പാലം പൊളിക്കല്‍ ആരംഭിച്ചു. ഇന്ന് രാവിലെ 8.30 ഓടെ പൊളിക്കലിന് മുന്നോടിയായുള്ള പൂജകള്‍ നടന്നു. രാവിലെ 9 മണിയോടെ തന്നെ പാലം പൊളിക്കലിന്റെ പ്രാരംഭനടപടികള്‍ ആരംഭിച്ചു. ടാര്‍ കട്ടിങ് അടക്കമുള്ള പ്രാഥമിക ജോലികളാണ് ഇന്നാരംഭിച്ചത്. ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്റെ മേല്‍നോട്ടത്തിലാണ് മേല്‍പ്പാലത്തിന്റെ പുനര്‍നിര്‍മാണം. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് കരാര്‍ നല്‍കിയിരിക്കുന്നത്.
നവീകരണ ജോലികള്‍ക്കിടെ അവശിഷ്ടങ്ങള്‍ തെറിച്ച് റോഡിലേയ്ക്ക് വീഴാതിരിക്കാന്‍ കമ്പിവല കെട്ടുന്ന പണിയും ഇന്ന് ആരംഭിക്കും. മറ്റന്നാള്‍ മുതല്‍ ഗര്‍ഡറുകള്‍ പൊളിച്ച് തുടങ്ങും. പാലത്തിന്റെ ഇരുവശത്തു കൂടിയുമുള്ള ഗതാഗതം നിയന്ത്രിക്കില്ല. എന്നാല്‍ അണ്ടര്‍ പാസ് വഴിയുള്ള ക്രോസിങ് അനുവദിക്കില്ല.
പാലം പൊളിച്ച് പണിയാന്‍ 18.71 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. ഇതില്‍ സിംഹഭാഗവും സ്പാനുകളുടെ നിര്‍മാണത്തിനായി ചെലവാകും. പാലത്തിന്റെ 18 സ്പാനുകളില്‍ 17 എണ്ണത്തിലും,102 ഗര്‍ഡറുകളില്‍ 97 എണ്ണത്തിലും വിള്ളലുണ്ട്. 8 മാസത്തിനുള്ളില്‍ പുനരുദ്ധാരണം പൂര്‍ത്തിയാക്കാമെന്നാണ് വിലയിരുത്തല്‍. കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ ചെല്ലാനത്ത് കടലാക്രമണം തടയുന്നതിന് വേണ്ടി ഉപയോഗിക്കാനുള്ള നിര്‍ദ്ദേശം പൊതുമരാമത്ത് വകുപ്പ് നല്‍കിയിട്ടുണ്ട്. ഈ ശ്രീധരന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനം.
പാലാരിവട്ടം പാലം പൊളിച്ചു പണിയാമെന്ന സുപ്രിംകോടതി വിധിക്ക് പിന്നാലെയാണ് പ്രവര്‍ത്തികള്‍ക്ക് തുടക്കമായത്.