കളമശ്ശേരിയിൽ ഒരു കുട്ടിക്ക് കൂടി മെനഞ്ചൈറ്റിസ് സ്ഥിരീകരിച്ചു

കൊച്ചി: കളമശ്ശേരിയില്‍ ഒരു കുട്ടിക്ക് കൂടി സെറിബ്രല്‍ മെനഞ്ചൈറ്റിസ് സ്ഥിരീകരിച്ചു. സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിക്കാണ് മെനഞ്ചൈറ്റിസ് സ്ഥിരീകരിച്ചത്. ഇതോടെ രോഗം ബാധിച്ച കുട്ടികളുടെ എണ്ണം നാലായി. രോഗലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിഞ്ഞ കുട്ടിക്കാണ് ഇപ്പോള്‍ രോഗബാധ സ്ഥിരീകരിച്ചത്. വിദ്യാര്‍ഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ സ്‌കൂള്‍ താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്.

സ്വകാര്യ സ്‌കൂളിലെ ഏഴുവയസ്സും എട്ടുവയസ്സുമുള്ള വിദ്യാര്‍ഥികളാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയത്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

കടുത്ത തലവേദനയെയും ഛര്‍ദ്ദിയേയും തുടര്‍ന്നാണ് കുട്ടികള്‍ ചികിത്സ തേടിയത്. മൂന്ന് കുട്ടികള്‍ക്ക് രോഗബാധ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇവരെ കൂടാതെ ലക്ഷണങ്ങളുമായി ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരു കുട്ടിക്ക് കൂടിയാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചത്.

രോഗബാധയെ തുടര്‍ന്ന് സ്‌കൂളിലെ പ്രൈമറിതല പരീക്ഷ മാറ്റിവെച്ചു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന കുട്ടികളെ വീട്ടിലിരുത്തണമെന്നും രക്ഷിതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആശാദേവി അറിയിച്ചു. അസുഖബാധിതരായ കുട്ടികളോട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ജാഗ്രത പാലിക്കണമെന്നും മാസ്‌ക് അടക്കമുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ഡിഎംഒ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News