തിരുവനന്തപുരം: പാലാരിവട്ടം പാലം പൊളിച്ചുപണിയുന്നതിന്റെ മേല്‍നോട്ടം ഇ. ശ്രീധരന്‍ വഹിക്കും. ഇതിനുള്ള സന്നദ്ധത അദ്ദേഹം അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പാലം എട്ടു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാവുമെന്ന് ശ്രീധരന്‍ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. പുതിയ പാലം നിര്‍മിക്കാന്‍ ഏതാണ്ട് 18 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
യു.ഡി.എഫ് ഭരണകാലത്തെ നഗ്‌നമായ അഴിമതിയാണ് പാലാരിവട്ടം പാലം നിര്‍മാണത്തില്‍ ഉണ്ടായത്. തെറ്റുചെയ്തവരെ എല്ലാവരെയും നിയമത്തിന്റെ മുന്നില്‍ക്കൊണ്ടുവരും. അഴിമതി നടത്തിയ ആരും രക്ഷപെടില്ല. ഖജനാവ് കൊള്ളയടിച്ചവരെക്കൊണ്ട് കണക്ക് പറയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാലം പൊളിച്ചുപണിയണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. പാലം പൊളിക്കുന്നതിനു മുന്‍പ് ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയാണ് സുപ്രീം കോടതി അനുമതി നല്‍കിയത്.