പാലക്കാട്: കടയുടെ മുന്നില്‍ ആളുകള്‍ നിന്നതിന്റെ പേരില്‍ പലചരക്ക് കടയുടമയ്ക്ക് രണ്ടായിരം രൂപ പിഴ ചുമത്തി പോലീസ്. പാലക്കാട് തച്ചനാട്ടുകര പഞ്ചായത്തില്‍ പലച്ചരക്ക് കട നടത്തുന്ന നറുക്കോട് സ്വദേശി അബ്ബാസില്‍ നിന്നും പോലീസ് രണ്ടായിരം രൂപ പിഴ ഈടാക്കിയത്.
കടയുടെ മുന്നില്‍ ആളുകള്‍ കൂടി നിന്നുവെന്നാരോപിച്ചാണ് അബ്ബാസിന് പിഴ ചുമത്തിയത്. ലോക്ക്ഡൗണ്‍ കാരണം കച്ചവടം ഇല്ലാത്തതിനാല്‍ വലിയ പ്രതിസന്ധിയിലാണെന്നും പിഴ ഒഴിവാക്കണമെന്നാവശ്യപ്പെട്ടിട്ടും പോലീസ് അതിന് തയ്യാറായില്ലെന്ന് കടയുടമ പറയുന്നു. തച്ചനാട്ടുകര പഞ്ചായത്തിലെ ഉള്‍പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന കടയില്‍ വളരെ കുറച്ച് ആളുകള്‍ മാത്രമാണ് സാധനങ്ങള്‍ വാങ്ങാനെത്തുന്നത്. രണ്ടായിരം രൂപയുടെ വരുമാനം ലഭിയ്ക്കണമെങ്കില്‍ മൂന്നു ദിവസമെങ്കിലും കട തുറന്ന് പ്രവര്‍ത്തിക്കണം.
അങ്ങനെ കച്ചവടം തന്നെ പ്രതിസന്ധിയിലായ ഈ കാലത്താണ് ഇത്രയും തുക പിഴയായി ഈടാക്കിയത്. പോലീസ് നടപടിയ്ക്കെതിരെ തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലിം രംഗത്തെത്തി. കൊവിഡ് കാലത്ത് ആളുകള്‍ അതിജീവനത്തിനായി വലിയ പ്രതിസന്ധി നേരിടുമ്പോള്‍ പോലീസ് രണ്ടായിരം രൂപ പിഴയീടാക്കിയത് ക്രൂരതയാണെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
നൂറ് കണക്കിന് ആളുകള്‍ ബീവറേജസ് ഔട്ട്ലറ്റ്കള്‍ക്ക് മുന്നില്‍ നിന്നിട്ടും ഒരു നടപടിയും എടുക്കാത്ത പോലീസാണ്, ഒരു പലചരക്ക്കടയുടെ മുന്നില്‍ നാലാള്‍ കൂടി നിന്നുവെന്ന് പറഞ്ഞ് കടയുടമയില്‍ നിന്നും രണ്ടായിരം രൂപ പിഴ ഈടാക്കിയതെന്നും നാട്ടുകാര്‍ പറയുന്നു.