പാലക്കാട്: എലപ്പുള്ളിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. പ്രതികള്‍ കടന്നത് തൃശൂര്‍ ഭാഗത്തേക്കാണെന്നാണ് പോലീസ് നിഗമനം. പ്രതികളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ പാലിയേക്കര ടോളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും.
കുന്നംകുളത്തും ചാവക്കാടും കൊടുങ്ങല്ലൂരിലും ചെറായിലും പൊന്നാനിയിലും അന്വേഷണം വ്യാപിപ്പിക്കും. പ്രതികള്‍ കൊലയ്ക്കെത്തിയത് വെള്ള നിറത്തിലുള്ള മാരുതി 800 കാറിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കാറ് കണ്ടെത്താനും നീക്കം ആരംഭിച്ചു.
ഇന്നലെ രാവിലെ 9 മണിയോടെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യയുമായി ബൈക്കില്‍ പോകുമ്പോള്‍ കാറിലെത്തിയ സംഘം സഞ്ജിത്തിനെ വെട്ടുകയായിരുന്നു. ബൈക്ക് ഇടിച്ചു വീഴ്ത്തി നാല് പേര്‍ ചേര്‍ന്നാണ് വെട്ടിയത്. സഞ്ജിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മരണ കാരണം തലയിലേറ്റ വെട്ടെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. തലയില്‍ മാത്രം ആറുവെട്ടുകളടക്കം ശരീരത്തില്‍ മുപ്പതോളം വെട്ടുകളാണുള്ളതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മൃതദേഹവുമായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചന്ദ്രനഗര്‍ വൈദ്യുത ശ്മശാനത്തിലേക്ക് വിലാപയാത്ര നടത്തി.
സഞ്ജിത്തിന്റെ മരണം രാഷ്ട്രീയ കൊലപാതകമാണെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥ് പറഞ്ഞു. എട്ട് സംഘങ്ങളായാണ് കൊലപാതകം അന്വേഷിക്കുന്നത്. അക്രമിസംഘത്തിന്റെ കാര്‍ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും ജില്ലാ പൊലീസ് മേധാവി പ്രതികരിച്ചു.