പാലക്കാട്: കേന്ദ്ര റെയില്‍വേ സഹമന്ത്രി വി. സോമണ്ണയുടെ നേതൃത്വത്തില്‍ ബുധനാഴ്ച മംഗളൂരുവില്‍ ഉന്നതതല റെയില്‍വേ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചു. മംഗലാപുരം കേന്ദ്രീകരിച്ചുള്ള റെയില്‍വേ വികസനപദ്ധതികളും നിര്‍മാണ പ്രവൃത്തികളുടെ അവലോകനവുമാണ് ചര്‍ച്ചാവിഷയമെന്നാണ് അറിയിച്ചിട്ടുള്ളതെങ്കിലും മംഗളൂരു റെയില്‍വേ ഡിവിഷന്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട യോഗമാണെന്നാണ് സൂചന.
പാലക്കാട് ഡിവിഷന്‍ വിഭജിച്ചുകൊണ്ടാണ് മംഗളൂരു ഡിവിഷന്‍ രൂപവത്കരിക്കുന്നതെന്നിരിക്കെ യോഗതീരുമാനം കേരളത്തെയും ബാധിക്കും. അതേസമയം, കേരളത്തില്‍ റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാന് ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല. കാസര്‍കോട്ടെ എം.പി.ക്കും ഇതുസംബന്ധിച്ച് അറിവില്ല.
മംഗളൂരു ജില്ലാപരിഷത്തിന്റെ ഹാളില്‍ രാവിലെ 10.45-നാണ് യോഗം. മംഗളൂരുവിലും സമീപപ്രദേശങ്ങളിലുമുള്ള എം.പി.മാര്‍, എം.എല്‍.എ.മാര്‍, ജില്ലാപരിഷത്ത് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. ദക്ഷിണ റെയില്‍വേ, ദക്ഷിണ-പശ്ചിമ റെയില്‍വേ, കൊങ്കണ്‍ റെയില്‍വേ എന്നിവിടങ്ങളിലെ ജനറല്‍ മാനേജര്‍മാര്‍, ഡിവിഷണല്‍ മാനേജര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയാണ് റെയില്‍വേയുടെ ഭാഗത്തുനിന്ന് പങ്കെടുക്കുന്നത്. യോഗത്തിനുമുമ്പ് രാവിലെ 9.30-ന് മംഗളൂരു സെന്‍ട്രല്‍, മംഗളൂരു ജങ്ഷന്‍ എന്നീ റെയില്‍വേ സ്റ്റേഷനുകളും മന്ത്രി വി. സോമണ്ണ സന്ദര്‍ശിക്കും. യോഗത്തിനുശേഷം മന്ത്രി മാധ്യമങ്ങളെ കാണുമെന്നും അറിയിച്ചിട്ടുണ്ട്.
പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭച്ചിച്ചുകൊണ്ട് മംഗളൂരു ഡിവിഷന്‍ രൂപവത്കരിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് കേരളത്തില്‍ റെയില്‍വേയുടെ ചുമതല വഹിക്കുന്ന മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ ചരക്കുവരുമാനം ലഭിക്കുന്ന പനമ്പൂര്‍ തുറമുഖം പാലക്കാട് ഡിവിഷന്റെ പ്രധാന വരുമാന സ്രോതസ്സാണ്.
മംഗളൂരു ഡിവിഷന്‍ യാഥാര്‍ഥ്യമായാല്‍ ഈ തുറമുഖം ഉള്‍പ്പെടെ പാലക്കാടിന് ഒട്ടേറെ നഷ്ടങ്ങളുണ്ടാകും. ഇത് സംസ്ഥാനത്തെ വികസനപദ്ധതികളെ സാരമായി ബാധിക്കും. സംസ്ഥാനത്തെ ബാധിക്കുന്ന വിഷയമായിട്ടും കേരളത്തെ അറിയിക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ പല നീക്കങ്ങളും നടത്തുന്നത്. തിരുവനന്തപുരം ഡിവിഷന്‍ ഇല്ലാതാക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. ഇതിനെതിരേ ഉടന്‍ കേന്ദ്ര റെയില്‍വേ മന്ത്രി ഉള്‍പ്പെടെയുള്ളവരെ സമീപിക്കും. സംസ്ഥാനസര്‍ക്കാരിന്റെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും വി. അബ്ദുറഹിമാന്‍ പറഞ്ഞു.