പാലാ: മേലമ്പാറയിൽ നിന്ന് ഒളിച്ചോടിപ്പോയ പെൺകുട്ടിയെ മണിക്കൂറുകൾക്കകം ഈരാറ്റുപേട്ട പൊലീസ് തിരുവനന്തപുരം കാട്ടാക്കടയിൽ നിന്ന് കണ്ടെത്തി.ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട യുവാവിനൊപ്പമാണ് പ്ലസ് വൺ വിദ്യാർത്ഥി മുങ്ങിയത്. സംഭവത്തിൽ ഇരുവരെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
വീട്ടുകാരെ പറ്റിക്കാനായി കട്ടിലേൽ തലയിണകൾ ചേർത്തുവച്ച് ആൾരൂപം ഉണ്ടാക്കി പുതപ്പുകൊണ്ട് മൂടിയ ശേഷമാണ് പെൺകുട്ടി മുങ്ങിയത്. അവധി ദിവസമായതിനാൽ ഉറങ്ങുകയാണെന്ന ധാരണയിൽ പെൺകുട്ടി വീടുവിട്ടകാര്യം അറിയാൻ വീട്ടുകാരും വൈകി.
പിന്നീട് പൊലീസിൽ പരാതിപ്പെട്ടപ്പോഴേക്കും പെൺകുട്ടി സ്ഥലം വിട്ടിരുന്നു. വിദ്യാർത്ഥിനി മൊബൈൽ ഫോൺ ഇല്ലാതെയാണ് വീടുവിട്ടത്. ഇത് അന്വേഷണത്തിൽ നേരിയ പ്രതിസന്ധി സൃഷ്ടിച്ചു.
ഉടൻതന്നെ കുട്ടിയുടെ ചിത്രവും, പിതാവിന്റെ ഫോൺ നമ്പരും ഉൾപ്പെടെ വാർത്തകൾ നല്കുകയും ചെയ്തു. ഈ വാർത്ത ശ്രദ്ധയിൽപെട്ട കെഎസ്ആർടിസി ബസിൻറെ കണ്ടക്ടർ കുട്ടിയുടെ പിതാവിനെ വിളിക്കുകയും കുട്ടി രാവിലെ ആറരയ്ക്ക് മേലമ്പാറ ജംങ്ഷനിൽ നിന്നും കോട്ടയത്തേക്ക് തൻറെ ബസിലാണ് യാത്ര ചെയ്തെന്നും, ടിക്കറ്റെടുക്കാനായി 200 രൂപയാണ് നല്കിയതെന്നും പറഞ്ഞു. കുട്ടിയുടെ പിതാവ് ഉടൻ തന്നെ വിവരം ഈരാറ്റുപേട്ട സ്റ്റേഷനിൽ അറിയിച്ചു.
തുടർന്ന് ഈരാറ്റുപേട്ട പൊലീസ് സൈബർ സെല്ലുമായി നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു.
പൊലീസിന്റെ കാര്യക്ഷമമായ ഇടപെടലിലൂടെ പെട്ടെന്ന് തന്നെ വിദ്യാർത്ഥിനിയെ കണ്ടെത്താനായി. പെൺകുട്ടിക്കൊപ്പമുള്ള യുവാവ് നേരത്തെയും മേലമ്പാറയിൽ വന്നിരുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
അന്ന് വഴിതെറ്റി ആ ഭാഗത്ത് എത്തിയതാണെന്നാണ് വീട്ടുകാരോട് പറഞ്ഞിരുന്നതെന്നാണ് സൂചന.
ബുധനാഴ്ച്ച രാത്രി 7.30-ഓടെ ഇരുവരെയും കാട്ടാക്കട പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയും നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഈരാറ്റുപേട്ടയിൽ എത്തിക്കുകയും ചെയ്തു.