ഏഴു കോടിയുടെ കള്ളനോട്ട് പിടിച്ചു; മുംബൈയില്‍ വന്‍ സംഘം അറസ്റ്റില്‍
മുംബൈ: മുംബൈയില്‍ വന്‍ കള്ളനോട്ട് സംഘം അറസ്റ്റില്‍. കള്ളനോട്ട് അച്ചടിച്ചു അന്തര്‍ സംസ്ഥാന തലത്തില്‍ വിതരണം ചെയ്തുവന്നിരുന്ന സംഘത്തെയാണ് മുംബൈ പോലീസ് പിടികൂടിയത്. ഏഴു പേര്‍ അറസ്റ്റിലായി. ഏഴു കോടിയുടെ വ്യാജ കറന്‍സികള്‍ പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുംബൈ ക്രൈംബ്രാഞ്ച് യൂണിറ്റ് നഗരപ്രാന്തത്തിലെ ദഹിസര്‍ ചെക്ക് പോസ്റ്റില്‍ കാര്‍ തടഞ്ഞു നടത്തിയ പരിശോധനയിലാണ് കള്ളനോട്ട് സംഘത്തെ പിടിച്ചത്.
നാലു പേര്‍ കാറിലുണ്ടായിരുന്നു. കാറില്‍നിന്ന് 2000 രൂപയുടെ 250 ബണ്ടില്‍ കള്ള നോട്ടുകള്‍ പിടിച്ചെടുത്തു. കാറിലുണ്ടായിരുന്നവരെ ചോദ്യം ചെയ്തതില്‍നിന്നു മൂന്നു സഹായികളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കൂടി ലഭിച്ചു. തുടര്‍ന്ന് സബര്‍ബന്‍ അന്ധേരിയിലെ ഒരു ഹോട്ടലില്‍ റെയ്ഡ് നടത്തി മൂന്നു പേരെക്കൂടി പോലീസ് പിടികൂടുകയായിരുന്നു.
ഇവരില്‍നിന്നു രണ്ടു കോടി രൂപ വിലമതിക്കുന്ന, രണ്ടായിരത്തിന്റെ 100 കെട്ട് നോട്ടുകൂടി കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കള്ളനോട്ട് കൂടാതെ, ഒരു ലാപ്ടോപ്പ്, ഏഴ് മൊബൈല്‍ ഫോണുകള്‍, 28,170 രൂപയുടെ യഥാര്‍ഥ കറന്‍സികള്‍, ആധാര്‍, പാന്‍ കാര്‍ഡുകള്‍, ഡ്രൈവിംഗ് ലൈസന്‍സുകള്‍ എന്നിവ സംഘത്തില്‍ നിന്നു പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.