25.9 C
Kottayam
Friday, April 26, 2024

വൈദ്യുതിയില്ലാതെ പാകിസ്താൻ ; 22 കോടിയിലേറെ ജനങ്ങള്‍ ദുരിതത്തില്‍

Must read

ഇസ്‌ലാമാബാദ്: വൈദ്യുതിവിതരണശൃംഖലയിലുണ്ടായ തകരാറുമൂലം തിങ്കളാഴ്ച പാകിസ്താനിലെമ്പാടും വൈദ്യുതി മുടങ്ങി. 22 കോടിയിലേറെപ്പേർ ദുരിതത്തിലായി. പ്രാദേശികസമയം തിങ്കളാഴ്ച രാവിലെ 7.34-നാണ് നാഷണൽ ഗ്രിഡ് തകരാറിലായതെന്ന് ഊർജമന്ത്രാലയം അറിയിച്ചു.

കടുത്തസാമ്പത്തികപ്രതിസന്ധി നേരിടുന്ന പാകിസ്താൻ, വൈദ്യുതി ഉപയോഗം കുറയ്ക്കാൻ ചന്തകളും ഷോപ്പിങ് മാളുകളും എട്ടരയ്ക്ക് അടയ്ക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങൾ കഴിഞ്ഞമാസം നടപ്പാക്കിയിരുന്നു. അതിനിടെയാണ് പ്രതിസന്ധി.

12 മണിക്കൂറിനുള്ളിൽ എല്ലായിടത്തും വൈദ്യുതിവിതരണം പുനഃസ്ഥാപിക്കുമെന്ന് ഊർജമന്ത്രി ഖുറം ദസ്തഗിർ പറഞ്ഞു. ഇസ്‌ലാമാബാദിന്റെയും പെഷാവറിന്റെയും ചിലഭാഗങ്ങളിൽ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു.

മഞ്ഞുകാലത്ത് വൈദ്യുതി ഉപയോഗം കുറവായതിനാൽ ഉപഭോഗം കുറയ്ക്കാൻ രാത്രി അധികൃതർ ഉത്പാദനസംവിധാനം ഓഫ് ചെയ്തിരുന്നു. രാവിലെ ഓൺചെയ്തപ്പോഴാണ് ഡാഡുവിനും ജംഷോറോയ്ക്കുമിടയിലുള്ള ഭാഗത്ത് വോൾട്ടേജ് പ്രശ്നം കണ്ടെത്തിയത്. ഇതോടെ വൈദ്യുതോത്പാദന, വിതരണ യൂണിറ്റുകൾ ഓരോന്നായി അടയ്ക്കുകയായിരുന്നെന്ന് മന്ത്രി പറഞ്ഞു.

ആദ്യമായല്ല പാകിസ്താൻ ഇത്രവലിയ വൈദ്യുതിപ്രതിസന്ധി അനുഭവിക്കുന്നത്. 2022 ഒക്ടോബറിൽ വിതരണശൃംഖലയിലെ സാങ്കേതികത്തകരാർമൂലം 12 മണിക്കൂർ വൈദ്യുതി മുടങ്ങിയിരുന്നു.

പഴക്കംചെന്ന വൈദ്യുതോത്പാദന-വിതരണ സംവിധാനങ്ങളിൽ പതിവായി അറ്റകുറ്റപ്പണി നടത്താനാവശ്യമായ പണമില്ലാത്തതും ഇടയ്ക്കിടെ വൈദ്യുതി മുടങ്ങുന്നതിന്‌ കാരണമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week