ഇസ്‌ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നതിനിടെ കറാച്ചി തുറമുഖത്തിന്റെ നടത്തിപ്പു ചുമതല യു.എ.ഇയ്ക്ക് കൈമാറാനൊരുങ്ങി പാകിസ്താൻ. അന്താരാഷ്ട്ര നാണയനിധിയില്‍ (ഐ.എം.എഫ്.) നിന്നുള്ള വായ്പ ലഭിക്കുന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അടിയന്തരമായി പണം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം.
കഴിഞ്ഞ ദിവസം പാകിസ്താൻ ധനകാര്യമന്ത്രി ഇഷാഖ് ധറിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വാണിജ്യ ഇടപാടുകള്‍ സംബന്ധിച്ച് ക്യാബിനറ്റ് കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. കറാച്ചി തുറമുഖത്തിന്‍റെ നടത്തിപ്പവകാശം യു.എ.ഇയ്ക്ക് കൈമാറുന്നതുമായി സംബന്ധിച്ചുള്ള തീരുമാനം യോഗത്തില്‍ കൈക്കൊണ്ടതായി പാകിസ്താൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പോര്‍ട്ടിന്റെ നടത്തിപ്പും സംരക്ഷണവും നിക്ഷേപവും സംബന്ധിച്ച കരട് രേഖ തയ്യാറാക്കാനും യോഗത്തില്‍ തീരുമാനമായി. അന്തിമ കരാര്‍ സമുദ്രകാര്യമന്ത്രി ഫൈസല്‍ സാബ്‌സ്വാരിയുടെ നേതൃത്വത്തില്‍ തയ്യാറാക്കാനും യോഗം തീരുമാനിച്ചു.
പാകിസ്താൻ ഇന്റര്‍നാഷണല്‍ കണ്ടെയ്‌നേഴ്‌സ് ടെര്‍മിനലിന്റെ നിയന്ത്രണത്തിലുള്ളതാണ് കറാച്ചി തുറമുഖം. കഴിഞ്ഞ വര്‍ഷം കറാച്ചി തുറമുഖം ഏറ്റെടുക്കാന്‍ യു.എ.ഇ. താത്പര്യം പ്രകടിപ്പിച്ചിരുന്നു.
അന്താരാഷ്ട്ര നാണയനിധിയുമായി നടത്തിയ ഇടപാട് പ്രകാരം ലഭിക്കേണ്ട 6.5 ബില്യണ്‍ ഡോളറിന്റെ വായ്പ അനിശ്ചിതത്വത്തിലായതോടെയാണ് പാകിസ്താന് പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്നത്. 2019-ല്‍ ഒപ്പുവെച്ച കരാറിന്റെ കാലാവധി ഈ മാസം അവസാനിക്കും. ഐ.എം.എഫില്‍ നിന്നുള്ള സാമ്പത്തിക സഹായവുമായി ബന്ധപ്പെട്ട യു.എസ്, യു.കെ, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലെ അംബാസിഡര്‍മാരുമായി പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ് കൂടിക്കാഴ്ച നടത്തും