റൺമലയ്ക്ക് മുന്നിൽ ഇന്ത്യ മൂക്ക് കുത്തി വീണു; അണ്ടർ 19 ഏഷ്യാ കപ്പ് പാകിസ്താന്

ദുബായ്: ടൂർണമെന്റിലുടനീളം തകർപ്പൻ പ്രകടനം കാഴ്ചവെച്ച് ഒടുവിൽ ഫൈനലിൽ കലമുടയ്ക്കുന്ന പതിവു തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം. അണ്ടർ 19 ഏഷ്യാ കപ്പിൽ പരാജയമറിയാതെ മുന്നേറിയ ഇന്ത്യയുടെ യുവനിര ഒടുവിൽ കലാശപ്പോരിൽ പാകിസ്താന്റെ റൺമലയ്ക്കു മുന്നിൽ കീഴടങ്ങി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത് പാക് ടീം ഉയർത്തിയ 348 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയുടെ പോരാട്ടം 26.2 ഓവറിൽ 156 റൺസിന് അവസാനിച്ചു. 191 റൺസിന്റെ വമ്പൻ ജയത്തോടെ പാക് യുവനിര ഏഷ്യാ കപ്പ് കിരീടമണിഞ്ഞു. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ പാകിസ്താനെ തോൽപ്പിച്ചിരുന്നു.

നാലു വിക്കറ്റ് വീഴ്ത്തിയ അലി റാസയാണ് ഇന്ത്യൻ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. വൈഭവ് സൂര്യവംശി, ക്യാപ്റ്റൻ ആയുഷ് മാത്രെ, കനിഷ്‌ക് ചൗഹാൻ, ദീപേഷ് ദേവേന്ദ്രൻ എന്നിവരായിരുന്നു അലി റാസയുടെ ഇരകൾ.

കൂറ്റൻ വിജയലക്ഷ്യത്തിനു മുന്നിൽ പേരുകേട്ട ഇന്ത്യൻ ബാറ്റിങ് നിര തുടക്കത്തിലേ പതറി. 14-കാരൻ വൈഭവ് സൂര്യവംശി ആദ്യ പന്തിൽ തന്നെ സിക്‌സറടിച്ച് തുടങ്ങിയെങ്കിലും ഇന്നിങ്‌സ് അധികം നീണ്ടില്ല. വമ്പൻ സ്‌കോറിനു മുന്നിൽ നിലയുറപ്പിക്കാതെ തുടക്കത്തിൽ തന്നെ ടി20 ശൈലിയിൽ അടിച്ചുകളിക്കാൻ ശ്രമിച്ചതാണ് ഇന്ത്യൻ താരങ്ങൾക്ക് വിനയായത്.

മൂന്നാം ഓവറിൽ തന്നെ ക്യാപ്റ്റൻ ആയുഷ് മാത്രെയെ (2) ഇന്ത്യയ്ക്ക് നഷ്ടമായി. പിന്നാലെ കഴിഞ്ഞ മത്സരങ്ങളിൽ അർധ സെഞ്ചുറികളുമായി തിളങ്ങിയ മലയാളി കൂടിയായ ആരോൺ ജോർജ് (16) വമ്പനടിക്ക് ശ്രമിച്ച് വിക്കറ്റ് കളഞ്ഞു. ഇന്ത്യൻ പ്രതീക്ഷയായിരുന്ന വൈഭവ് സൂര്യവംശിക്കും ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോകാനായില്ല. 10 പന്തിൽ നിന്ന് 26 റൺസുമായി വൈഭവും മടങ്ങിയതോടെ ഇന്ത്യ പതറി. മൂന്ന് സിക്‌സും ഒരു ബൗണ്ടറിയും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

വിഹാൻ മൽഹോത്ര (7), വേദാന്ത് ത്രിവേദി (9), ടൂർണമെന്റിൽ ഇരട്ട സെഞ്ചുറി കുറിച്ച് റെക്കോഡിട്ട അഭിഗ്യാൻ കുണ്ഡു (13) എന്നിവരെല്ലാം തന്നെ തീർത്തും നിരാശപ്പെടുത്തിയതോടെ ഇന്ത്യ അനിവാര്യമായ ഫലം ഉറപ്പിച്ചിരുന്നു.

പത്താമനായി ഇറങ്ങിയ ദീപേഷ് ദേവേന്ദ്രൻ നടത്തിയ വെടിക്കെട്ടാണ് ഇന്ത്യൻ സ്‌കോർ 150 കടത്തിയത്. 16 പന്തുകൾ നേരിട്ട ദീപേഷ് രണ്ട് സിക്‌സും ആറ് ഫോറുമടക്കം 36 റൺസെടുത്തു. ഇന്ത്യയുടെ ടോപ് സ്‌കോററും ദീപേഷാണ്‌

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 348 റൺസെന്ന വമ്പൻ സ്‌കോർ പടുത്തുയർത്തിയിരുന്നു. സെഞ്ചുറിയുമായി മുന്നിൽ നിന്ന് നയിച്ച സമീർ മിൻഹാസാണ് പാകിസ്താന് മികച്ച സ്‌കോർ സമ്മാനിച്ചത്. 113 പന്തിൽ നിന്ന് മിൻഹാസ് 172 റൺസെടുത്തു. 17 ഫോറും ഒമ്പത് സിക്‌സറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 71 പന്തുകളിൽനിന്നായിരുന്നു മിൻഹാസിന്റെ സെഞ്ചുറി. അണ്ടർ 19 ഫോർമാറ്റിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയാണിത്.

ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ വെടിക്കെട്ടോടെയാണ് തുടങ്ങിയത്. ഓപ്പണർ സമീർ മിൻഹാസും ഹംസ സഹൂറും മികച്ച തുടക്കം നൽകിയതോടെ ടീം മൂന്നോവറിൽ 25-ലെത്തി. എന്നാൽ നാലാം ഓവറിൽ 18 റൺസെടുത്ത് സഹൂർ പുറത്തായി. രണ്ടാം വിക്കറ്റിൽ ഒന്നിച്ച മിൻഹാസും ഉസ്മാൻ ഖാനും സ്‌കോറുയർത്തി. ഇരുവരും ക്രീസിൽ നിലയുറപ്പിച്ച് ബാറ്റേന്തി. പത്തോവറിൽ 79-1 എന്ന നിലയിലായിരുന്നു പാകിസ്താൻ.

പിന്നീട് ട്രാക്ക് മാറ്റിയ സമീർ മിൻഹാസ് വേഗം സ്‌കോറുയർത്തി. ഇന്ത്യൻ ബൗളർമാരെ പലതവണ മിൻഹാസ് അതിർത്തികടത്തി. 29 പന്തിൽ നിന്ന് താരം അർധസെഞ്ചുറി തികയ്ക്കുകയും ചെയ്തു. പതിമൂന്നാം ഓവറിൽ 100 കടന്ന പാകിസ്താൻ പിടിമുറുക്കി. എന്നാൽ 35 റൺസെടുത്ത ഉസ്മാൻ ഖാനെ പുറത്താക്കി ഖിലാൻ പട്ടേൽ ബ്രേക്ക് ത്രൂ സമ്മാനിച്ചു. അതിനിടെ ഇന്ത്യൻ താരം വൈഭവ് സൂര്യവംശിക്ക് ചെറിയ പരിക്കേറ്റു. ഫീൽഡിങ്ങിനിടെ ഒന്നിലധികം തവണ വൈഭവ് വഴുതിവീണു. തുടർന്ന് മെഡിക്കൽ സംഘം താരത്തെ പരിശോധിച്ചു. അൽപ്പസമയത്തിന് ശേഷം താരം കളിക്കളത്തിൽ മടങ്ങിയെത്തി. 

മൂന്നാം വിക്കറ്റിൽ അഹമ്മദ് ഹുസൈനുമായി ചേർന്ന് മിൻഹാസ് മികച്ച കൂട്ടുകെട്ടുണ്ടാക്കി. പാക് ടീം വലിയ സ്‌കോറിലേക്ക് കുതിക്കുന്നതാണ് പിന്നീട് മൈതാനത്ത് കണ്ടത്. ഇന്ത്യൻ ബൗളർമാരെ പ്രഹരിച്ച് മുന്നേറിയ മിൻഹാസ് 29-ാം ഓവറിൽ സെഞ്ചുറിയും നേടി. 71 പന്തിലാണ് സെഞ്ചുറി നേട്ടം. അഹമ്മദ് ഹുസൈനും ക്രീസിൽ നിലയുറപ്പിച്ച് ബാറ്റേന്തിയതോടെ പാകിസ്താൻ 200 കടന്നു. സെഞ്ചുറിക്ക് ശേഷവും ഇന്ത്യൻ ബൗളർമാരെ ഒന്നൊന്നായി മിൻഹാസ് അതിർത്തികടത്തി.

മിൻഹാസിന്റെ വെടിക്കെട്ടിന് പിന്നാലെ അഹമ്മദ് ഹുസ്സൈനും അർധസെഞ്ചുറി തികച്ചു. അതോടെ പാകിസ്താൻ 37 ഓവറിൽ 254 റൺസിലെത്തി. പിന്നാലെ 56 റൺസെടുത്ത ഹുസ്സൈൻ പുറത്തായി. അടിച്ചുകളിച്ച മിൻഹാസും ടീമിനെ മൂന്നുറുകടത്തിയതിന് ശേഷം കൂടാരം കയറി. 113 പന്തിൽ നിന്ന് 172 റൺസാണ് താരം അടിച്ചെടുത്തത്. 17 ഫോറുകളും ഒൻപത് സിക്സറുകളുമടങ്ങുന്നതാണ് ഇന്നിങ്സ്. പിന്നീട് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യ പാകിസ്താനെ പിടിച്ചുകെട്ടി. ഫർഹാൻ യൂസഫ്(19), ഹുസൈഫ അഹ്സാൻ(0), മുഹമ്മദ് ഷയാൻ(7), അബ്ദുൾ സുഭൻ(2) എന്നിവർ പുറത്തായി.

ഇന്ത്യൻ ബോളർമാരിൽ ദീപേഷ് ദേവേന്ദ്രൻ മൂന്നും ഹെനിൽ പട്ടേൽ, ഖിലൻ പട്ടേൽ എന്നിവർ രണ്ടു വിക്കറ്റുകൾ വീതവും വീഴ്ത്തി. കനിഷ്‌ക് ചൗഹാന് ഒരു വിക്കറ്റുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News