ന്യൂഡല്‍ഹി: പശുവിന്‍ ചാണകം പ്രധാന ഘടകമാക്കി നിര്‍മിച്ച പുതിയ പെയിന്റ് പുറത്തിറക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ സ്ഥാപനം. ഖാദി, ഗ്രാമീണ വ്യവസായ കമ്മീഷന്‍ പുറത്തിറക്കുന്ന പെയിന്റ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണ് അവതരിപ്പിക്കുന്നത്.
‘ഖാദി പ്രകൃതിക് പെയിന്റ്’ എന്ന വിശേഷണത്തോടെയാണ് പുതിയ ‘വേദിക് പെയിന്റ്’ പുറത്തിറക്കുന്നത്. പരിസ്ഥിതി സൗഹൃദമാണെന്ന് അവകാശപ്പെടുന്ന ഈ പെയിന്റിലെ പ്രധാന ഘടകം ചാണകമാണ്. ഡിസ്റ്റംബര്‍ രൂപത്തിലും പ്ലാസ്റ്റിക് ഇമല്‍ഷനായും രണ്ട് തരത്തില്‍ ഇവ ലഭ്യമാകും.
ജയ്പൂരിലെ കുമാരപ്പ നാഷണല്‍ ഹാന്‍ഡ് മെയ്ഡ് പേപ്പര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ഉത്പന്നം വികസിപ്പിച്ചത്. പെയിന്റിന്റെ അസംസ്‌കൃത വസ്തു ചാണകമായതിനാല്‍ ഇത് കര്‍ഷകര്‍ക്ക് അധികവരുമാനം നേടാന്‍ സഹായിക്കുമെന്നാണ് റിപ്പോര്‍ട്ട്. സാധാരണ പെയിന്റുകളില്‍ ലെഡ്, മെര്‍ക്കുറി, ക്രോമിയം, ആര്‍സെനിക്, കാഡ്മിയം തുടങ്ങിയ ഹാനികരമായ ഉത്പന്നങ്ങളുണ്ടെങ്കില്‍ ഈ പെയിന്റില്‍ ഇവയൊന്നും ഇല്ലെന്നാണ് അവകാശപ്പെടുന്നത്.