കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ചാത്തന്നൂർ സ്വദേശികളായ പത്മകുമാറും കുടുംബവും അറസ്റ്റിലായ വിവരം കേട്ടപ്പോൾ മാനസികമായി ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെന്ന് പത്മകുമാറിന്റെ ചിറക്കരയിലെ ഫാമിലെ ജീവനക്കാരി ഷീജ പറഞ്ഞു.
ഇവർ ഇങ്ങനെ ഒരു കാര്യം ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല. ഒരു നീലക്കാറ് തെങ്കാശിയിൽ നിന്ന് പിടിച്ചെന്ന് കേട്ടപ്പോഴാണ് ടിവി തുറന്നുനോക്കുന്നത്. വാർത്ത കണ്ടപ്പോൾ ഷോക്കായെന്നും ഷീജ ഒരു ഓൺലൈൻ മാദ്ധ്യമത്തോട് പറഞ്ഞു.
‘കുട്ടിയെ തട്ടിക്കൊണ്ടു പോയതിന് ശേഷം അവർ ഇവിടെ വന്നിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടു പോയ വാർത്തയെ കുറിച്ച് ചോദിച്ചപ്പോൾ, ഞങ്ങളുടെ വാഹനവും പൊലീസ് പരിശോധിച്ചെന്നാണ് അവർ പറഞ്ഞത്. ഫാമിലേക്ക് പട്ടികളെ കൊണ്ടിറക്കിയപ്പോൾ പത്മകുമാറിന്റെ ഭാര്യയാണ് എന്നോട് ഇക്കാര്യം പറഞ്ഞത്. എല്ലാ വണ്ടികളും ചെക്ക് ചെയ്താണ് അവർ വിടുന്നതെന്ന് എന്നോട് പറഞ്ഞിരുന്നു’.
‘ഈ സമയത്ത് മകൾ അനുപമയും കൂടെയുണ്ടായിരുന്നു. മകൾ പട്ടികളുടെ അടുത്തേക്കാണ് പോയത്. പത്മകുമാർ പൊതുവെ ഒന്നും സംസാരിക്കില്ല. ഭാര്യയാണ് എല്ലാ കാര്യങ്ങൾ പറയാറുള്ളത്. അനുപമയെ കൊച്ചുനാളു തൊട്ടേ അറിയാം. ഈ ഫാം വാങ്ങിച്ചതിന് ശേഷമാണ് വീണ്ടും കാണുന്നത്. അപ്പോഴേക്കും വലിയ കൊച്ചായി. മകൾക്ക് യൂട്യൂബിലൂടെ വലിയ വരുമാനമുണ്ടെന്ന് ഭാര്യ എന്നോട് പറഞ്ഞിട്ടുണ്ട്. ഇടയ്ക്ക് വച്ച് ഇത് ബ്ലോക്കായെന്ന് പറയുന്നുണ്ടായിരുന്നു’.
‘ഒരു തവണ അനുപമ ഡബ്ബിംഗിന്റെ സാധനങ്ങൾ ഒക്കെ കാണിച്ചിരുന്നു. പണ്ട് രണ്ട് സുഹൃത്തുക്കൾ അനുപമയോടൊപ്പം ഫാമിൽ വരാറുണ്ടായിരുന്നു. രണ്ട് പെൺസുഹൃത്തുക്കളാണ് അത്. എന്നാൽ ഇപ്പോൾ ആരും വരാറില്ല. ആ കൊച്ച് എപ്പോഴും യൂട്യൂബും മൊബൈലുമായി അടുത്തൊക്കെ കയറി ഫോട്ടോ എടുക്കാറാണ് പതിവ്, അമ്മ മരിച്ച സമയത്ത് രണ്ട് തവണ ഇവരുടെ വീട്ടിൽ പോയിട്ടുണ്ട്’- ഷീജ പറഞ്ഞു.