KeralaNews

നെല്ല് സംഭരണം വൈകുന്നു; കോട്ടയത്ത് രണ്ടാഴ്‌ച്ചക്കിടെ രണ്ടാമത്തെ കര്‍ഷകന്റെ ആത്മഹത്യാ ശ്രമം

ഏറ്റുമാനൂര്‍: നെല്ലുസംഭരണം വൈകുന്നതില്‍ കോട്ടയം ജില്ലയില്‍ കര്‍ഷകരുടെ പ്രതിഷേധം ശക്തമാകുന്നു.അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച്‌ കഴിഞ്ഞ രണ്ടാഴ്‌ച്ചക്കിടെ രണ്ട് കര്‍ഷകരാണ് ആത്മഹത്യാ ശ്രമം നടത്തിയത്. കഴിഞ്ഞ ദിവസം നീണ്ടൂര്‍ പഞ്ചായത്തിലെ മാക്കോതറ-നൂറുപറ പാടശേഖരത്തില്‍, ആര്‍പ്പൂക്കര മഠത്തേടത്ത് തോമസാണ് പെട്രോളൊഴിച്ച്‌ ആത്മഹത്യാഭീഷണി മുഴക്കിയത്. പൊലീസെത്തി ഇദ്ദേഹത്തെ പിന്‍തിരിപ്പിച്ചു.

50 ഏക്കറിലാണ് ഇദ്ദേഹത്തിന് കൃഷിയുള്ളത്. കഴിഞ്ഞയാഴ്ച കല്ലറയിലും സമാനസംഭവം  ഉണ്ടായിരുന്നു. 300 ഏക്കര്‍വരുന്ന ചോഴിയപ്പാറ, 280 ഏക്കര്‍വരുന്ന വിരിപ്പുകാലാ, 180 ഏക്കര്‍വരുന്ന താഴത്തെകുഴി, 80 ഏക്കര്‍വരുന്ന കെട്ടിനകം എന്നീ പാടശേഖരങ്ങള്‍ കൊയ്ത്തിന് പാകമായ നിലയിലാണ്. കോവിഡ് പ്രതിസന്ധിമൂലം കടക്കെണിയിലായ കര്‍ഷകര്‍ സാമ്പത്തികബാധ്യതയാല്‍ നട്ടംതിരിയുകയാണ്.

ഈ സാഹചര്യത്തിലാണ് പ്രതിഷേധവുമായി കര്‍ഷകര്‍ രംഗത്തെത്തിയത്.പ്രതിഷേധത്തില്‍ നൂറുകണക്കിന് കര്‍ഷകരാണ് അണിനിരന്നത്. നൂറുപറ-മാക്കോത്തറ, നീണ്ടൂര്‍-കൈപ്പുഴക്കരി, കൈപ്പുഴ-കൈപ്പുഴക്കരി എന്നീ പാടശേഖരങ്ങളിലെ 400 കര്‍ഷകരില്‍നിന്നായി ശേഖരിച്ച 13,000 ക്വിന്റല്‍ നെല്ലാണ് പാടത്ത് കൂട്ടിയിട്ടിരിക്കുന്നത്. വേനല്‍മഴയുടെ ഭീതിയിലാണ് കര്‍ഷകര്‍. മഴപെയ്താല്‍ എത്രയുംപെട്ടെന്ന് പാടത്തുനിന്ന് നെല്ലുനീക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകും. അപ്പോള്‍ മില്ലുടമകള്‍ പറയുന്ന തൂക്കത്തില്‍ നെല്ലുനല്‍കേണ്ട അവസ്ഥയിലെത്തും കര്‍ഷകര്‍.

കൊയ്ത്തുകഴിഞ്ഞ് രണ്ടാഴ്ചയായിട്ടും സപ്ലൈകോയുടെ കീഴിലുള്ള മില്ലുടമകള്‍ സംഭരണത്തിന് തയ്യാറാകാതെവന്നതാണ് പ്രതിസന്ധിക്ക് കാരണം. ക്വിന്റലിന് ആറുകിലോയിലേറെ കിഴിവുചോദിച്ച്‌ മില്ലുടമകള്‍ വിട്ടുനില്‍ക്കുകയാണ്. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ചൊവ്വാഴ്ച പാഡി ഓഫീസര്‍ പാടശേഖരത്തിലെത്തി കര്‍ഷകരുമായി ചര്‍ച്ച നടത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button