മലപ്പുറം: കനത്തമഴയെ തുടര്‍ന്ന് നിലമ്പൂരും പരിസരവും പൂര്‍ണമായും വെള്ളത്തിനടിയിലായി കഴിഞ്ഞു. താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും വെള്ളം കയറിയ വീടുകളില്‍ നിന്നും ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്ന ജോലി ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി സ്ഥലം എംഎല്‍എ പിവി അന്‍വറിനെതിരെ വ്യാജപ്രചാരണം നടത്താന്‍ ശ്രമിച്ചയാളെ തേച്ചൊട്ടിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
നാട് വെള്ളത്തില്‍ മുങ്ങുമ്‌ബോള്‍ എംഎല്‍എ സുഖവാസത്തിലാണെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിക്കാന്‍ ശ്രമിച്ച യുഡിഎഫ് പ്രവര്‍ത്തകന് ചുട്ടമറുപടി നല്‍കി കൊണ്ട് പിവി അന്‍വര്‍ തന്നെ രംഗത്തെത്തി. ‘നാട് വെള്ളത്തില്‍. എംഎല്‍എ എവിടെ? സുഖവാസത്തില്‍ ഇരിക്കാതെ പുരത്തുവരണം മിസ്റ്റര്‍’- എന്ന ‘എന്റെ നിലമ്ബൂര്‍’ ഫേസ്ബുക്ക് ഗ്രൂപ്പില്‍ വന്ന പോസ്റ്റിനാണ് രാഹുല്‍ഗാന്ധിയുടെ പാര്‍ലമെന്റില്‍ ഇരുന്ന് ഉറങ്ങുന്ന ചിത്രം സഹിതം പിവി അന്‍വര്‍ മറുപടി നല്‍കിയിരിക്കുന്നത്.
‘പോസ്റ്റുമാന്‍ സുഹൃത്തേ,താങ്കള്‍ക്ക് ആളു മാറിയതാവും. നിങ്ങള്‍ ഉദ്ദേശിച്ച ആള്‍ ഞാനല്ല; ഇദ്ദേഹമാവും. എംഎല്‍എ അല്ല, നിലമ്ബൂര്‍ ഉള്‍പ്പെടുന്ന വയനാട് മണ്ഡലത്തിലെ എംപി എന്ന് എഴുതൂ. പിവി അന്‍വര്‍ എങ്ങും സുഖവാസത്തിന് പോയിട്ടില്ല, ജനങ്ങള്‍ക്കൊപ്പം, അവരില്‍ ഒരാളായി തന്നെ, മുഴുവന്‍ സമയവും കൂടെയുണ്ട്. രാവിലെ മുതല്‍ ജനങ്ങള്‍ക്കൊപ്പമുണ്ടെന്നും അന്‍വര്‍ മറുപടി നല്‍കി
.
പിവി അന്‍വര്‍ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
പോസ്റ്റുമാന്‍ സുഹൃത്തേ,താങ്കള്‍ക്ക് ആളു മാറിയതാവും.നിങ്ങള്‍ ഉദ്ദേശിച്ച ആള്‍ ഞാനല്ല;ഇദ്ദേഹമാവും..എം.എല്‍.എ അല്ല,നിലമ്ബൂര്‍ ഉള്‍പ്പെടുന്ന വയനാട് മണ്ഡലത്തിലെ എം.പി എന്ന് എഴുതൂ. പി.വി.അന്‍വര്‍ എങ്ങും സുഖവാസത്തിന് പോയിട്ടില്ല.. ജനങ്ങള്‍ക്കൊപ്പം,അവരില്‍ ഒരാളായി തന്നെ,മുഴുവന്‍ സമയവും കൂടെയുണ്ട്.
‘എന്റെ നിലമ്ബൂര്‍’എന്ന ഗ്രൂപ്പില്‍ അല്‍പ്പം മുന്‍പ് വന്ന പോസ്റ്റാണിത്.ഗ്രൂപ്പിന്റെ പേര് എന്റെ നിലമ്ബൂര്‍ എന്നാണെങ്കിലും,അംഗങ്ങള്‍ പാറശാല മുതല്‍ മഞ്ചേശ്വരം വരെയുള്ള യു.ഡി.എഫ് പ്രവര്‍ത്തകരാണ്(പോസ്റ്റിട്ട വ്യക്തി നിലമ്ബൂരുകാരന്‍ ആണ്).അവരെ കൊണ്ട് 10 കമന്റുകള്‍ ഇടീച്ചാലൊന്നും നിലമ്ബൂരിലെ ജനങ്ങളുമായുള്ള എന്റെ ബന്ധം ഇല്ലാതാകില്ല.ഗ്രൂപ്പില്‍ നിങ്ങള്‍ എന്ത് വേണമെങ്കിലും പ്രചരിപ്പിച്ചോളൂ..ആ ഗ്രൂപ്പിലെ അംഗങ്ങള്‍ അല്ലാത്ത യഥാര്‍ത്ഥ നിലമ്ബൂരുകാര്‍ എനിക്കൊപ്പമുണ്ട്..
രാവിലെ മുതല്‍ ജനങ്ങള്‍ക്കൊപ്പമുണ്ട്. എത്താവുന്ന സ്ഥലങ്ങളില്‍ എല്ലാം ഓടിയെത്തിയിട്ടുണ്ട്. നിലമ്ബൂരിലെ ജനങ്ങള്‍ക്ക് കാര്യങ്ങള്‍ ബോധ്യമായിട്ടുണ്ട്. ഈ എഴുതി ഇട്ടിരിക്കുന്നതിനൊക്കെ മറുപടി പറയാന്‍ നിന്നാല്‍ നന്നാവില്ല .ഇത്രയും തന്നെ ഈ സാഹചര്യത്തില്‍ പറയണം എന്ന് കരുതിയതല്ല, നിങ്ങള്‍ പറയിച്ചതാണ്. ഭാഷയ്ക്കും പരിമിതികള്‍ ഉണ്ടല്ലോ!