പി.വി.അന്‍വറിന്റെ മൊത്തം ആസ്തിമൂല്യം 34 കോടിരൂപ; ബാധ്യത 20 കോടി, കൈവശം പണമായുള്ളത് 25000 രൂപ, രണ്ട് ഭാര്യമാരുടെ കൈവശം ഒരു കോടിയുടെ സ്വർണം

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പി.വി.അന്‍വറിന്റെ സ്ഥാവര-ജംഗമ ആസ്തികളുടെ മൊത്തംമൂല്യം 34.07 കോടി രൂപ. 20.60 കോടി രൂപയുടെ ബാധ്യതയും അന്‍വറിനുണ്ട്. തിരഞ്ഞെടുപ്പ് നാമനിര്‍ദേശത്തോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് അന്‍വര്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

പണമില്ലാത്തതിനാല്‍ മത്സരിക്കാനില്ലെന്ന് അന്‍വര്‍ നേരത്തെ പറഞ്ഞിരുന്നു. 'എല്ലാവരും തകര്‍ത്തു തരിപ്പണമാക്കി, ഞാന്‍ കടക്കാരനായി, ഉടനെ ജപ്തി വരും. ഒരിഞ്ചുഭൂമി പോലും വില്‍ക്കാന്‍ പറ്റാതാക്കി' എന്നും അന്‍വര്‍ കഴിഞ്ഞ ദിവസം പറഞ്ഞു. എന്നാല്‍ തൊട്ടടുത്ത ദിവസംതന്നെ അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

കൈവശമുള്ള പണം 25000 രൂപയാണെന്നും അന്‍വര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. രണ്ട് ഭാര്യമാരുടെ കൈവശവും 10000 രൂപ വീതമുണ്ട്. 1.06 കോടി രൂപ വിലമതിക്കുന്ന 150 പവന്‍ ആഭരണം ഓരോ ഭാര്യമാരുടെയും പക്കലുമുണ്ട്. 18.14 കോടി രൂപയുടെ ജംഗമ ആസ്തിയാണ് അന്‍വറിനുള്ളത്. ബാങ്ക് വായ്പയും മറ്റുമായി 20 കോടിയുടെ ബാധ്യതയും. 2021-ല്‍ മത്സരിച്ചപ്പോള്‍ 18.57 കോടി രൂപയായിരുന്നു അന്‍വറിന്റെ ജംഗമ ആസ്തി. 16.94 കോടി രൂപയുടെ ബാധ്യതയും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News