ന്യൂഡൽഹി:കേന്ദ്ര മന്ത്രിസഭാ പുനസംഘടന ആസന്നമായിരിക്കെ എട്ട് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ചു. കർണാടക, മിസോറാം, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, ഗോവ, ത്രിപുര, ജാർഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങളിലാണ് ഗവർണർമാരെ മറ്റി നിയമിച്ചത്. മിസോറാം ഗവർണറായിരുന്ന പി.എസ് ശ്രീധരൻപിള്ളയെ അവിടെ നിന്ന് മാറ്റി ഗോവ ഗവർണറായി നിയമിച്ചു. ഹരിബാബു കംമ്പാട്ടിയാണ് പുതിയ മിസോറാം ഗവണർ.
ഹരിയാന ഗവർണർ സത്യദേവ് നാരായൺ ആര്യയെ ത്രിപുര ഗവർണറാക്കി. ത്രിപുരയിൽ നിന്ന്ര മേശ് ബയസ്സിനെ ജാർഖണ്ഡിലേക്കും ഹിമാചൽ ഗവർണറായിരുന്ന ബന്ദാരു ദത്താത്രയെ ഹരിയാനയിലും ഗവർണർമാരായി മാറ്റി നിയമിച്ചു
നിലവിൽ സാമൂഹിക നീതി വകുപ്പ് മന്ത്രിയായ തവർചന്ദ് ഗഹലോത്ത് കർണാടക ഗവർണറാകും. മംഗുഭായ് ചഗൻഭായ് പട്ടേലിനെ മധ്യപ്രദേശ് ഗവർണറായും ഹിമാചൽ പ്രദേശ് ഗവർണറായി രാജേന്ദ്ര വിശ്വനാഥ് അർലേക്കറേയും നിയമിച്ചു.
ഏറെ നാളത്തെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് രണ്ടാം മോദി സർക്കാരിന്റെ മന്ത്രിസഭാ പുനഃസംഘടന നാളെ ഉണ്ടാകുമെന്ന് സൂചന. മന്ത്രിമാരാകൻ സാധ്യതയുള്ള ജ്യോതിരാദിത്യ സിന്ധ്യയടക്കമുള്ളവർ ഡൽഹിയിലേക്ക് തിരിച്ചു.
അസം മുൻ മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ, കോൺഗ്രസ് വിട്ടെത്തിയ ജ്യോതിരാദിത്യ സിന്ധ്യ, ബംഗാൾ എംപിമാരായ ശാന്തനു ഠാക്കൂർ, നിസിത് പ്രമാണിക്, ജെഡിയു നേതാവ് ആർ.സി.പി.സിങ്. ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ മോദി എന്നിവർ മന്ത്രിസ്ഥാനം ഏകദേശം ഉറപ്പാക്കിയിട്ടുണ്ട്. ഈ നേതാക്കൾ ഇതിനോടകം ഡൽഹിയിലേക്ക് തിരിക്കുകയും ചെയ്തു.
ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുതിർന്ന മന്ത്രിമാരുമായും ബിജെപി അധ്യക്ഷൻ ജെപി നഡ്ഡയുമായും രാവിലെ നിശ്ചയിച്ച കൂടിക്കാഴ്ച റദ്ദാക്കി വൈകീട്ട് അഞ്ചു മണിയിലേക്ക് മാറ്റിയിട്ടുണ്ട്.രണ്ടാം മോദി സർക്കാരിന്റെ ആദ്യ പുന:സംഘടനയാണ് നടക്കാനിരിക്കുന്നത്.2024 -ലെ പൊതുതിരഞ്ഞെടുപ്പും അതിന് മുമ്പ് നടക്കേണ്ട യുപി നിയമസഭാ തിരഞ്ഞെടുപ്പും ലക്ഷ്യമിട്ടുകൊണ്ടാകും അഴിച്ചുപണിയെന്നാണ് ബിജെപി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
മന്ത്രിസഭാ പുന:സംഘടനയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ആഭ്യന്തര മന്ത്രി അമിത് ഷായുടേയും നേതൃത്വത്തിൽ കഴിഞ്ഞ രണ്ടാഴ്ചയായി മാരത്തൺ ചർച്ചകളാണ് ഡൽഹിയിൽ നടന്നിരുന്നത്.
മോദി സർക്കാരിൽ നേരത്തെ ചേരാതിരുന്ന നിതീഷ് കുമാറിന്റെ ജെഡിയു മന്ത്രിസഭയിൽ ചേരും. രാം വിലാസ് പാസ്വാന്റെ വിയോഗത്തിൽ ഒഴിവ് വന്ന മന്ത്രിസ്ഥാനം എൽജെപി വിമതനും ചിരാഗ് പാസ്വാന്റെ ഇളയച്ഛനുമായ പശുപതി പരസിന് ലഭിക്കുമെന്നാണ് സൂചന.