കോഴിക്കോട്: ഛായാഗ്രഹകനും സംവിധായകനുമായ പി.എസ് നിവാസ് (73) അന്തരിച്ചു. ഒരുമാസത്തിലേറെയായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്.
1977ല്‍ മോഹിനിയാട്ടം എന്ന ചിത്രത്തിലൂടെ മികച്ച ഛായാഗ്രാഹകനുള്ള ദേശീ പുരസ്‌കാരവും കേരള ഫിലിം അസോസിയേഷന്‍ പുരസ്‌കാരവും നേടി. ആന്ധ്രാപ്രദേശ് സംസ്ഥാന സര്‍ക്കാരിന്റെ നന്ദി പുരസ്‌കാരവും 1979ല്‍ ലഭിച്ചു. കിഴക്കെ നടക്കാവ് പനയം പറമ്പിലാണ് ജനിച്ചു വളര്‍ന്നത്. ദേവഗിരി സെന്റ് ജോസഫ് കോളേജില്‍ നിന്നും ബിരുദം നേടി. മദ്രാസിലെ അടയാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ടെക്‌നോളജിയില്‍ നിന്നും ഫിലിം ടെക്‌നോളജിയില്‍ ബിരുദം നേടി. സത്യത്തിന്റെ നിഴലില്‍ ആണ് ആദ്യ ചിത്രം.
ഓപ്പറേറ്റിവ് ക്യാമറാമാനായി കുട്ടിയേടത്തി, മാപ്പുസാക്ഷി, ചെമ്പരത്തി, സ്വപ്നം എന്നീ സിനിമകള്‍ ചെയ്തു. മലയാളത്തില്‍ സത്യത്തിന്റെ നിഴലില്‍, മധുരം തിരുമധുരം, മോഹിനിയാട്ടം, സിന്ദൂരം, ശംഖുപുഷ്പം, രാജപരമ്ബര, സൂര്യകാന്തി, പല്ലവി, രാജന്‍ പറഞ്ഞ കഥ, വെല്ലുവിളി, ലിസ, സര്‍പ്പം എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. തമിഴില്‍ പതിനാറു വയതിനിലേ, കിഴക്കേ പോകും റെയില്‍, സികപ്പു റോജാക്കള്‍, ഇളമൈ ഊഞ്ചല്‍ ആടുകിറത്, നിറം മാറാത പൂക്കള്‍, തനിക്കാട്ട് രാജ, കൊക്കരക്കോ, സെലങ്കെ ഒലി, മൈ ഡിയര്‍ ലിസ, ചെമ്ബകമേ ചെമ്ബകമേ, പാസ് മാര്‍ക്ക്, കല്ലുക്കുള്‍ ഈറം, സെവന്തി എന്നീ ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചു.