NationalNews

‘ഉള്ളിലുള്ള സ്ത്രീവിരുദ്ധത തുടച്ചുനീക്കപ്പെടണം, വീട്ടിൽ മകനും മകളും തുല്യരായാലേ ഐക്യമുണ്ടാകൂ’

ന്യൂഡല്‍ഹി: ചെങ്കോട്ടയില്‍ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ സ്ത്രീകളുടെ ഉന്നമനവും തുല്യത ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയില്‍ ഊന്നിയും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ കുറിച്ചുള്ള സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് അഞ്ചു പ്രതിജ്ഞകള്‍ മുന്നോട്ടുവച്ച പ്രധാനമന്ത്രി, സംസാരത്തിലും പെരുമാറ്റത്തിലും സ്ത്രീകളുടെ അന്തസ്സ് ഇടിച്ചുതാഴ്ത്തുന്നതൊന്നും ചെയ്യാതിരിക്കേണ്ടത്‌ പ്രധാനമാണെന്ന് ആഹ്വാനം ചെയ്തു.

‘നമ്മുടെ പെരുമാറ്റത്തില്‍ ഒരു വൈകൃതം കടന്നുവന്നിട്ടുണ്ട്, ചില സമയങ്ങളില്‍ നമ്മള്‍ സ്ത്രീകളെ അപമാനിക്കുന്നു, നമ്മുടെ പെരുമാറ്റത്തില്‍ നിന്ന് ഇത് ഒഴിവാക്കാന്‍ നമുക്ക് പ്രതിജ്ഞയെടുക്കാമോ’ പ്രധാനമന്ത്രി ചോദിച്ചു.

സ്ത്രീകളോടുള്ള ബഹുമാനമാണ് ഇന്ത്യയുടെ വളര്‍ച്ചയ്ക്കുള്ള പ്രധാന സ്തംഭം. നമുക്ക് പെണ്‍ കരുത്തിനെ പിന്തുണയ്‌ക്കേണ്ടതുണ്ട്. ഇന്ത്യയുടെ വൈവിധ്യം നാം ആഘോഷിക്കണം. വീടുകളില്‍ മകനും മകളും തുല്യരാകുമ്പോഴാണ് ഐക്യത്തിന്റെ വേരുകള്‍ പാകുന്നത്. അങ്ങനെ അല്ലെങ്കില്‍ ഐക്യത്തിന്റെ മന്ത്രം പ്രതിഫലിപ്പിക്കാനാകില്ല. ലിംഗസമത്വമാണ് ഐക്യത്തിന്റെ നിര്‍ണായക മാനദണ്ഡം.

ഇന്ത്യയിലെ വനിതാ സ്വാതന്ത്ര്യ സമരസേനാനികളുടെ സംഭാവനകളെ പ്രധാനമന്ത്രി പ്രസംഗത്തില്‍ അനുസ്മരിച്ചു. റാണി ലക്ഷ്മിഭായി, ജല്‍കാരി ഭായ്, ചെന്നമ്മ, ബീഗം ഹസ്രത്ത് മഹല്‍, എന്നിങ്ങനെ ഭാരതത്തിലെ സ്ത്രീകളുടെ കരുത്തിനെ ഓര്‍ക്കുമ്പോള്‍ ഓരോ ഇന്ത്യക്കാരനും അഭിമാനത്താല്‍ നിറയുന്നു.

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ സമര സേനാനികള്‍ വിഭാവനം ചെയ്ത ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്, സ്ത്രീകള്‍ നിര്‍ണായക പങ്ക് വഹിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീകളുടെ ഉന്നമനത്തിനായി അവരെ ശാക്തീകരിക്കുകയും ചെയ്താല്‍, കുറഞ്ഞ സമയത്തിനുള്ളില്‍, കുറഞ്ഞ പ്രയത്‌നത്തിലൂടെ നമുക്ക് ലക്ഷ്യങ്ങള്‍ നേടാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യം സ്വതന്ത്രമായതിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ വേഷത്തില്‍ ഇത്തവണയും വ്യത്യസ്തത പുലര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍ സവിശേഷതകളും പാരമ്പര്യവും വിളിച്ചതോന്ന തലപ്പാവുകള്‍ തിരഞ്ഞെടുത്ത് പ്രധാനമന്ത്രി മോദി ശ്രദ്ധപിടിച്ചുപറ്റാറുണ്ട്. ഇത്തവണ വെള്ളയില്‍ ദേശീയ പതാകയിലെ മൂന്ന് വര്‍ണ്ണങ്ങള്‍ നിറഞ്ഞ തലപ്പാവാണ് പ്രധാനമന്ത്രി ധരിച്ചെത്തിയത്.

തുടര്‍ച്ചയായി ഒമ്പതാം തവണയും രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ചെങ്കോട്ടയില്‍ സംസാരിച്ച പ്രധാനമന്ത്രി മോദി ത്രിവര്‍ണ്ണ തലപ്പാവിനൊപ്പം വെള്ള കൂര്‍ത്തയും പൈജാമായും നേവിബ്ലൂ വെയ്സ്റ്റ്‌കോട്ടുമാണ് ധരിച്ചിരുന്നത്.

പ്രധാനമന്ത്രിയായി അധികാരമേറ്റ 2014 മുതല്‍ തുടര്‍ച്ചായി സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും പ്രധാനമന്ത്രി ഇത്തരത്തില്‍ വ്യത്യസ്തവും വര്‍ണ്ണാഭവുമായ തലപ്പാവ് ധരിക്കാറുണ്ട്. കാവിയില്‍ ചുവപ്പും പിങ്കും ചേര്‍ന്ന നിറത്തിലുള്ള തലപ്പാവാണ് കഴിഞ്ഞ തവണ അദ്ദേഹം ധരിച്ചിരുന്നത്.

ചെങ്കോട്ടയിലെ പ്രസംഗത്തിനായി മോദി ഇത്തവണ ടെലിപ്രോംപ്റ്റര്‍ ഉപയോഗിച്ചില്ല എന്നതാണ് ഇത്തവണത്തെ പ്രധാന സവിശേഷത. ടെലിപ്രോംപ്റ്ററുകള്‍ക്ക് പകരം പേപ്പര്‍ നോട്ടുകളാണ് ഇത്തവണ അദ്ദേഹം ഉപയോഗിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button