33.9 C
Kottayam
Monday, April 29, 2024

‘ആ പരീക്ഷ എഴുതേണ്ടയാളല്ല, ഫീസടച്ചിട്ടില്ല, രജിസ്റ്റർ ചെയ്തിട്ടില്ല’; വിശദീകരണവുമായി ആർഷോ

Must read

കൊച്ചി: എഴുതാത്ത പരീക്ഷ ജയിച്ചെന്ന് മാര്‍ക്ക് ലിസ്റ്റ് പുറത്തുവന്ന വിവാദത്തില്‍ വീണ്ടും വിശദീകരണവുമായി എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ. തനിക്കെതിരായ ആരോപണം നിഷ്‌കളങ്കമാണെന്ന വിശ്വാസം തനിക്കില്ലെന്ന് ആര്‍ഷോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റില്‍ പറഞ്ഞു. വ്യക്തിപരമായ ആക്രമണം പ്രസ്ഥാനത്തെ ലക്ഷ്യംവെച്ചുള്ളതാണ്. പ്രചരിപ്പിക്കപ്പെടുന്ന മാര്‍ക്ക് ലിസ്റ്റിന്റെ പരീക്ഷ എഴുതേണ്ട ആളല്ല താനെന്നും ആര്‍ഷോ അവകാശപ്പെട്ടു.

തന്റെ മൂന്നാം സെമസ്റ്റര്‍ മാര്‍ക്ക് ലിസ്റ്റുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവരുമ്പോള്‍ താന്‍ ഇടമലക്കുടയിലെ എസ്.എഫ്.ഐ. ക്യാമ്പയിന്റെ ഭാഗമായിരുന്നതിനാല്‍ മൊബൈല്‍ നെറ്റ്‌വര്‍ക്ക് ലഭ്യമായിരുന്നില്ല. വൈകീട്ട് തിരിച്ചുള്ള യാത്രയില്‍ വിവരം അറിയുമ്പോഴേക്ക് പ്രചാരണം സാധ്യമായ എല്ലാ ഇടങ്ങളിലും എത്തിയിരുന്നു. സത്യം ചെരുപ്പണിയുമ്പോഴേക്കും നുണ ലോകം ചുറ്റിവന്നിരുന്നുവെന്നും ആര്‍ഷോ പറഞ്ഞു.

‘2020 ബാച്ചില്‍ ആണ് ഞാന്‍ മഹാരാജാസ് കോളേജില്‍ ആര്‍ക്കിയോളജി വിഭാഗത്തില്‍ പ്രവേശിക്കുന്നത്. മൂന്നാം സെമസ്റ്റര്‍ പരീക്ഷ ഞാന്‍ എഴുതിയിട്ടില്ല, ആ പരീക്ഷ നടക്കുമ്പോള്‍ പരീക്ഷ സെന്റര്‍ സ്ഥിതി ചെയ്യുന്ന എറണാകുളം ജില്ലയില്‍ ഞാന്‍ ഇല്ല, സെമസ്റ്ററിലെ അഞ്ചു വിഷയങ്ങളിലും ഞാന്‍ ആബ്‌സെന്റ് ആയിരുന്നു, പരീക്ഷയ്ക്ക് ശേഷം 2022 ഒക്ടോബര്‍ മാസം 26 ന് ഉച്ച കഴിഞ്ഞ് 1.42 ന് പരീക്ഷ ഫലം പ്രസിദ്ധീകരിക്കുകയും അതില്‍ കൃത്യമായി ഞാന്‍ പരീക്ഷ എഴുതിയിട്ടില്ല എന്ന് അടയാളപ്പെടുത്തുകയും ചെയ്തിട്ടുള്ളതാണ്’, ആര്‍ഷോ വ്യക്തമാക്കി.

ഇന്നലെ മുതല്‍ പ്രചരിപ്പിക്കുന്ന മാര്‍ക്ക് ലിസ്റ്റ് 2021 ബാച്ച് വിദ്യാര്‍ഥികളുടെ റെഗുലര്‍ പരീക്ഷയുമായി ബന്ധപ്പെട്ടതാണ്. ആ റെഗുലര്‍ പരീക്ഷ എഴുതേണ്ട ആളല്ല താന്‍. അങ്ങനൊരു പരീക്ഷ എഴുതാന്‍ താന്‍ ഫീസ് അടയ്ക്കുകയോ രജിസ്റ്റര്‍ ചെയ്യുകയോ ചെയ്തിട്ടില്ല. പ്രസ്തുത മാര്‍ക്ക് ലിസ്റ്റില്‍ ആണ് തന്റെ പേര്‍ ഉണ്ട് എന്ന നിലയില്‍ മാധ്യമങ്ങളും ഇതര രാഷ്ട്രീയ പാര്‍ട്ടികളും, സാങ്കേതിക പ്രശ്‌നം എന്ന നിലയില്‍ കോളേജ് പ്രിന്‍സിപ്പളും പ്രചരിപ്പിച്ചിട്ടുള്ളതെന്ന് ആര്‍ഷോ പറഞ്ഞു.

‘ഇതുപോലൊരു സാങ്കേതിക പ്രശ്‌നം മൂവായിരത്തിന് മുകളില്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ക്യാമ്പസില്‍ എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയുടെ റിസല്‍ട്ടില്‍ മാത്രം വരിക, അത് കെ.എസ്.യു. പ്രവര്‍ത്തകര്‍ക്ക് മാത്രം കിട്ടുക, അവര്‍ വഴി മാധ്യമങ്ങള്‍ക്ക് ലഭിക്കുക. അതത്രയും നിഷ്‌കളങ്കമാണെന്ന വിശ്വാസം തല്‍ക്കാലം എനിക്കില്ല.

കാരണം, ഡിപ്പാര്‍ട്‌മെന്റിലെ വിദ്യാര്‍ഥികള്‍ പലപ്പോഴായി ഡിപ്പാര്‍ട്‌മെന്റ് കോഡിനേറ്റര്‍ക്കെതിരെ നല്‍കിയ പരാതികള്‍, ഡിപ്പാര്‍ട്‌മെന്റിലെ അധ്യാപകര്‍ നല്‍കിയ പല പരാതികള്‍, കെ.എസ്.യു. നേതാവായ ഡിപ്പാര്‍ട്‌മെന്റിലെ വിദ്യാര്‍ഥിനിയുടെ റീവാല്യൂവേഷന്‍ റിസള്‍ട്ടുമായി ബന്ധപ്പെട്ട് ഡിപ്പാര്‍ട്‌മെന്റ് കോര്‍ഡിനേറ്ററുടെ ഇടപെടല്‍ സംബന്ധിച്ച് കോളേജ് യൂണിയനും വിദ്യാര്‍ഥികളും നല്‍കിയ പരാതി, പ്രസ്തുത പരാതികളെ അടിസ്ഥാനപ്പെടുത്തി ഡിപ്പാര്‍ട്‌മെന്റ് കോര്‍ഡിനേറ്റര്‍ സ്ഥാനത്ത് നിന്ന് നീക്കിയ നടപടി തുടങ്ങിയവക്കൊപ്പം അന്വേഷണം വൈകുന്നതുമായി ബന്ധപ്പെട്ടും, പരാതി കൊടുത്ത വിദ്യാര്‍ഥികളെ അന്വേഷിച്ചു കണ്ടെത്തി ഡിപ്പാര്‍ട്‌മെന്റ് കോര്‍ഡിനേറ്റര്‍ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ടും ഒന്നിലധികം തവണ ഇടപെട്ട ആള്‍ എന്ന നിലയില്‍ ഈ വന്നവ അത്ര നിഷ്‌കളങ്കമായി കാണാന്‍ നിര്‍വ്വഹമില്ല’, ആര്‍ഷോ അവകാശപ്പെട്ടു. ഇതിനെതിരെ നിയമനടപടികളുമായും പ്രതിരോധവുമായും മുന്നോട്ട് പോകുമെന്നും എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി അറിയിച്ചു.

അതേസമയം, പരീക്ഷാവിഭാഗം ആര്‍ഷോയുടെ ആരോപണങ്ങള്‍ തള്ളി രംഗത്തെത്തി. എഴുതാത്ത പരീക്ഷയുടെ ഫലത്തിന് പിന്നില്‍ ക്രമക്കേടെന്ന ആര്‍ഷോയുടെ ആരോപണമാണ് പരീക്ഷാ വിഭാഗം തള്ളിയത്. പരീക്ഷാഫീസ് അടച്ച് രജിസ്റ്റര്‍ ചെയാല്‍ ഫലം വരും. മാര്‍ക്ക് ലിസ്റ്റില്‍ ജയിച്ചു എന്നെഴുതിയത് സാങ്കേതിക പിഴവാണെന്നും പരീക്ഷാവിഭാഗം അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week