'അമ്മ'യ്ക്ക് ആൺമക്കളേ ഉള്ളൂ? പെൺമക്കളില്ലേ ?; വിമർശിച്ച് പി കെ ശ്രീമതി
കൊച്ചി:താര സംഘടനയായ ‘അമ്മ’യിലെ ജനറൽ ബോഡി അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ വിമർശിച്ച് സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ പി കെ ശ്രീമതി. ‘അമ്മ’യ്ക്ക് ആൺമക്കളേ ഉള്ളോ എന്നും പെൺമക്കളില്ലാത്തത് പരിഗണിക്കാത്തത് കൊണ്ടാണോ എന്നുമാണ് പി കെ ശ്രീമതിയുടെ ചോദ്യം.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പി കെ ശ്രീമതി പ്രതികരിച്ചത്. ‘അമ്മക്ക്” ആൺമക്കളേ ഉള്ളൂ? പെൺമക്കളില്ലേ ? അല്ലാ പരിഗണിക്കാത്തത് കൊണ്ടാണോ?’ എന്നാണ് ഫേസ്ബുക്ക് പോസ്റ്റ്.
ജനറൽ സേക്രട്ടറി സ്ഥാനത്തേക്ക് സ്ത്രീ സാന്നിധ്യമായി കുക്കു പരമേശ്വരൻ മത്സരിച്ചിരുന്നുവെങ്കിലും സിദ്ദിഖിനായിരുന്നു നറുക്ക് വീണത്. ഇതിനിടെ സ്ത്രീകൾക്ക് നാല് സീറ്റുകളുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് അനന്യയെ മാത്രം തിരഞ്ഞെടുത്തതിലും തർക്കം രൂക്ഷമായിരുന്നു. പിന്നീട് ഒരു മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ മാത്രമാണ് മത്സരിച്ച അൻസിബയെയും സരയുവിനെയും ചേർത്ത് പ്രശ്നം പരിഹരിച്ചത്.