NationalNews

‘എന്നെ നിശബ്ദയാക്കാൻ നോക്കി, നിങ്ങളുടെ 63 എംപിമാർ നിശബ്ദരായി’; ലോക്സഭയിൽ മോദിക്കെതിരെ ആഞ്ഞടിച്ച് മഹുവ മൊയ്ത്ര

ഡൽഹി: പതിനേഴാം ലോക്സഭയിൽ നിന്ന് വിഭിന്നമായി 18ാം ലോക്സഭയിൽ ബിജെപി എംപിമാരുടെ എണ്ണം കുറഞ്ഞതിൽ പാർട്ടിയെ കണക്കിന് പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. തന്നെ ലക്ഷ്യം വച്ചതിനുള്ള വില ബിജെപി കൊടുത്തുകഴിഞ്ഞുവെന്നാണ് മഹുവ മൊയ്ത്ര ലോക്സഭയിലെ പ്രസംഗത്തിൽ പറഞ്ഞത്.

‘കഴിഞ്ഞ തവണത്തേത് പോലെ ഇനി പ്രതിപക്ഷത്തെ വിലകുറച്ചുകാണാനാകില്ല. കഴിഞ്ഞ തവണ ഞാൻ ഇവിടെ നിന്നു, എനിക്ക് സംസാരിക്കാൻ അനുമതിയുണ്ടായിരുന്നില്ല. എന്നാൽ ഒരു എംപിയെ നിശബ്ദമാക്കാൻ ശ്രമിച്ചതിന് ഭരണപക്ഷ പാർട്ടിക്ക് വലിയ വിലകൊടുക്കേണ്ടി വന്നു. എന്നെ അടിച്ചമർത്താനുള്ള നിങ്ങളുടെ ശ്രമത്തിൽ നിങ്ങളുടെ 63 അംഗങ്ങളെ ജനങ്ങൾ നിശബ്ദരാക്കി’- മഹുവ പറഞ്ഞു.

തന്നെ നിശബ്ദമാക്കാൻ ശ്രമിച്ചവരെ ജനം നിശബ്ദരാക്കി. 63 എംപിമാരെ അവർക്ക് നഷ്ടമായെന്നും മഹുവ കൂട്ടിച്ചേർത്തു. ലോക്സഭയിൽ ചോദ്യം ചോദിക്കുന്നതിന് കോഴ വാങ്ങിയെന്നും പാർലമെന്റ് ലോഗ് ഇൻ വിവരങ്ങൾ പങ്കുവച്ചുവെന്നുമുള്ള കുറ്റങ്ങൾ ചുമത്തി 17ാം ലോക്സഭയിൽ നിന്ന് മഹുവ മൊയ്ത്രയെ പുറത്താക്കിയിരുന്നു. മഹുവ കുറ്റക്കാരിയെന്ന് എത്തിക്സ് കമ്മിറ്റി കണ്ടെത്തിയതിന് പിന്നാലെയായിരുന്നു നടപടി.

‘രാഷ്ട്രപതിയുടെ പ്രസംഗത്തിൽ പ്രധാന പ്രശ്നങ്ങൾ പലതും പരാമർശിച്ചില്ല. ഇത് സുസ്ഥിര സർക്കാരല്ല. യു ടേൺ അടിക്കുന്ന ധാരാളം സഖ്യ കക്ഷികളെ ആശ്രയിച്ചാണ് ഈ സർക്കാരിന്റെ നിലനിൽപ്പ്. ഇത്തവണ ഞങ്ങൾക്ക് 234 പോരാളികളുണ്ട്. പഴയതുപോലെ നിങ്ങൾക്ക് ഞങ്ങളെ കാണാനാകില്ല’; എന്നും മഹുവ പറഞ്ഞു

രാഷ്ട്രപതിയുടെ പ്രസംഗത്തിൽ ആറ് വിഷയങ്ങളുണ്ടായിരുന്നു. വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളുടെ ബജറ്റ് നാല് ഇരട്ടി വർദ്ധിപ്പിച്ചു. എന്നാൽ മണിപ്പൂർ എന്നൊരു വാക്ക് മിണ്ടിയില്ല. മുസ്ലിം, മദ്രസ, മട്ടൺ, മീൻ, മുജ്ര, എന്നിവയെല്ലാം പ്രധാനമന്ത്രി പരാമർശിച്ചു. എന്നാൽ മണിപ്പൂർ എന്ന ഒറ്റ വാക്ക് പ്രചാരണങ്ങളിൽ അദ്ദേഹം മിണ്ടിയില്ലെന്നും മഹുവ ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker