28.9 C
Kottayam
Wednesday, May 15, 2024

ഇത്രയും സ്‌നേഹമുള്ള വക്കീലിനെ സത്യത്തിലിതുവരെ തിരിച്ചറിഞ്ഞില്ല; അഡ്വ. ജയശങ്കറിനെ തിരിച്ച് ട്രോളി ശ്രീമതിടീച്ചര്‍

Must read

തിരുവനന്തപുരം: കണ്ണൂര്‍ ലോക്സഭ മണ്ഡലത്തില്‍ പരാജയപ്പെട്ട പി.കെ ശ്രീമതിയെ അമേരിക്കയിലെ അംബാസിഡറോ ഐക്യരാഷ്ട്ര സംഘടനയിലോ സ്ഥിരാംഗമോ ആയി ശുപാര്‍ശ ചെയ്യണമെന്ന് പരിഹസിച്ച അഡ്വക്കേറ്റ് എ ജയശങ്കറിനെ തിരിച്ച് ട്രോളി കണ്ണൂര്‍ മുന്‍ എം.പി. പി.കെ ശ്രീമതി. കോടതിയില്‍ പണിയൊന്നുമില്ലാത്തതു കൊണ്ട് എപ്പോഴും ടിവി ചാനലിലിരുന്നു ആളുകളെ പുഛിക്കുന്ന വക്കീല്‍ എന്ന് പ്രചരിപ്പിക്കുന്ന അസൂയക്കാരുടെ വായടപ്പിക്കാന്‍ അനിയന്‍ ഒരു ജഡ്ജിയായിക്കാണണമെന്നാണാഗ്രഹമെന്നായിരിന്നു ശ്രീമതി ടീച്ചറുടെ പരിഹാസം. ഫേസ്ബുക്കിലൂടെയാണ് ടീച്ചറിന്റെ വിമര്‍ശനം. പറയുകയുണ്ടായി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

പ്രിയപ്പെട്ട ജയശങ്കരന്‍ വക്കീല്‍, എന്നെ ചില വലിയ ജോലികളിലേക്കൊക്കെ ശുപാര്‍ശ ചെയ്തതായി അഭ്യുദയകാക്ഷികള്‍ പറഞ്ഞറിഞ്ഞു.വക്കീലിന് നന്ദി.എന്നോട് ഇത്രയും സ്‌നേഹമുള്ള വക്കീലിനെ സത്യത്തിലിതുവരെ തിരിച്ചറിഞ്ഞില്ല.ക്ഷമിക്കുമല്ലോ.എന്നെ അമേരിക്കയിലെ അംബാസിഡറാക്കാന്‍ ശുപാര്‍ശ ചെയ്ത ജയശങ്കരനെ അറ്റോര്‍ണി ജനറലോ സുപ്രീം കോടതി ജഡ്ജിയോ ആക്കണമെന്ന് ഒരു പ്രത്യുപകാരമെന്ന നിലയില്‍ ഞാനും ശുപാര്‍ശ ചെയ്യുന്നു. കേസില്ലാ വക്കീലെന്ന് ചില കുബുദ്ധികള്‍ ആക്ഷേപിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ‘നിയമപാണ്ഡിത്യവും പ്രാഗത്ഭ്യവും’ കണക്കിലെടുത്താല്‍ നേരിട്ട് ഒരു സുപ്രീം കോടതി ജഡ്ജി പദവിക്കെങ്കിലും അര്‍ഹതയുണ്ട്.കോടതിയില്‍ പണിയൊന്നുമില്ലാത്തതു കൊണ്ട് എപ്പോഴും ടിവി ചാനലിലിരുന്നു ആളുകളെ പുഛിക്കുന്ന വക്കീല്‍ എന്ന് പ്രചരിപ്പിക്കുന്ന അസൂയക്കാരുടെ വായടപ്പിക്കാന്‍ അനിയന്‍ ഒരു ജഡ്ജിയായിക്കാണണമെന്നാണാഗ്രഹം. നെരുവമ്പറം യു. പി. സ്‌കൂള്‍ ഹെഡ് ടീച്ചറായി വിരമിച്ച എന്നെ ‘തയ്യല്‍ ടീച്ചര്‍’ എന്ന് പരിഹസിക്കുന്ന ചില അസൂയകാരെപ്പോലുള്ളവരാണ് കോടതി വരാന്ത കയറാത്ത കേസില്ലാ വക്കീലെന്നൊക്കെ അനിയനേയും പരിഹസിക്കുന്നത്. കാര്യമായിട്ടെടുക്കരുത്. കേസില്ലാത്തതല്ല ഒടുക്കത്തെ സത്യ ബോധം കാരണം കേസേല്‍പ്പിക്കാന്‍ നിത്യേന ഒഴുകി വരുന്ന നൂറുകണക്കിന് കക്ഷികളെ ഒഴിവാക്കുന്ന ധര്‍മ്മിഷ്ഠനാണ് അനിയന്‍ എന്നൊക്കെ എത്ര പേര്‍ക്ക് അറിയാം? വ്യത്യസ്തനാമൊരു വക്കീലിനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week