കണ്ണൂർ: ഇപി ജയരാജനെതിരെ അനധികൃത സ്വത്ത് സമ്പാദന പരാതിയുമായി രംഗത്ത് എത്തിയതിന് പിന്നാലെ പാർട്ടിയിലെ തെറ്റായ പ്രവണതകൾക്കെതിരെ പൊതുവവേദിയിലും മുന്നറിയിപ്പുമായി പി.ജയരാജൻ. കാഞ്ഞങ്ങാട് നടന്ന പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോൾ ആണ് വ്യക്തിതാത്പര്യങ്ങൾക്ക് വേണ്ടി പാർട്ടി താത്പര്യം ബലി കഴിപ്പിക്കുന്ന പ്രവണതയെ തിരുത്തുമെന്ന് പി.ജയരാജൻ പറഞ്ഞത്. വ്യതിചലനം തിരുത്താത്തവർ പാർട്ടിയിൽ ഉണ്ടാകില്ലെന്ന പി.ജയരാജൻ്റെ മുന്നറിയിപ്പ് ഇപിയെ ലക്ഷ്യമിട്ടാണെന്ന വ്യാഖ്യാനം ശക്തമാണ്.
പി.ജയരാജൻ്റെ വാക്കുകൾ…
സമൂഹത്തിലെ ജീര്‍ണ്ണത പ്രവര്‍ത്തകനെ ബാധിച്ചാല്‍ പാര്‍ട്ടി ഇടപെടും. വ്യക്തി താല്പര്യം പാര്‍ട്ടി താല്പര്യത്തിന് കീഴ്‌പ്പെടണം. ഇക്കാര്യം ഒരോ പാര്‍ട്ടിം അംഗവും ഒപ്പിട്ടു നല്‍കുന്ന പ്രതിജ്ഞയുടെ കൂടി ഭാഗമാണ്. പാര്‍ട്ടി ഉയര്‍ത്തി പിടിക്കുന്ന മതനിരപേക്ഷതയ്ക്ക് എതിരായ ആശയങ്ങള്‍ പ്രവര്‍ത്തകരില്‍ നിന്നും ഉണ്ടായാല്‍ പാര്‍ട്ടി അക്കാര്യം ചര്‍ച്ച ചെയ്യുകയും ചെയ്യും. പാര്‍ട്ടി നയങ്ങളില്‍ നിന്നുള്ള വ്യതിചലനം ചൂണ്ടിക്കാണിച്ചിട്ടും തിരുത്താന്‍ തയാറാകാത്തവര്‍ക്ക് സിപിഎമ്മില്‍ സ്ഥാനം ഉണ്ടാവില്ല. പാര്‍ട്ടിക്ക് കീഴടങ്ങുന്ന നിലപാടാണ് ഓരോ നേതാവും അംഗവും സ്വീകരിക്കേണ്ടത്. പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്നത് മതനിരപേക്ഷതയാണ്. ഇതിന് എതിരായ ആശയങ്ങള്‍ പ്രവര്‍ത്തകരില്‍ ഉണ്ടായാല്‍ പാര്‍ട്ടി ചൂണ്ടിക്കാട്ടും, ചൂണ്ടിക്കാണിച്ചിട്ടും തിരുത്താന്‍ തയാറാകാത്തവര്‍ക്ക് സിപിഎമ്മില്‍ സ്ഥാനം ഉണ്ടാവില്ല.
ഇ.പി ജയരാജനെിരെ പി.ജയരാജൻ സംസ്ഥാന സമിതിയിൽ ഉന്നയിച്ച അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിൽ സിപിഎം കേന്ദ്ര നേതൃത്വം വിവരം തേടി. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രനേതൃത്വം സംസ്ഥാന സെക്രട്ടറിയോട് വിവരം തേടിയത്. സംസ്ഥാന ഘടകം ഉന്നയിച്ചാൽ പിബി വിഷയം ചർച്ച ചെയ്യും. പിബി അനുമതിയോടെ ഇപിക്കെതിരെ പാർട്ടി അന്വേഷണം വന്നേക്കും.
സിപിഎമ്മിനെ പിടിച്ചുകുലുക്കുന്ന റിസോർട്ട് വിവാദത്തിൽ ഇപ്പോൾ മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര നേതൃത്വത്തിൻറെ ഇടപെടൽ. സംസ്ഥാന സെക്രട്ടറിയോട് വിവരങ്ങൾ തേടിയ കേന്ദ്ര നേതൃത്വത്തിനും വിഷയത്തിൻ്റെ ഗൗരവം മനസ്സിലായിട്ടുണ്ട്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ചേരുന്ന പിബി യോഗം പ്രശ്നം ചർച്ച ചെയ്യും. ഇപി കേന്ദ്ര കമ്മിറ്റി അംഗമായതിനാൽ കേന്ദ്ര നേതൃത്വത്തിൻറെ അനുമതിയോടെയേ അന്വേഷണം ഉണ്ടാകും. പരാതിയിൽ ഉറച്ചുനിൽക്കുന്ന പി ജയരാജൻ സംസ്ഥാന സമിതിയിൽ ഉയർത്തിയ കാര്യങ്ങൾ ഉടൻ രേഖാമൂലം പാർട്ടിക്ക് നൽകും.
പിബി അനുമതിയോടെ ഇപിക്കെതിരെ പാർട്ടി കമ്മീഷൻ അന്വേഷണം വരാനാണ് സാധ്യത. പാർട്ടി യോഗത്തിൽ മുതിർന്ന നേതാവിനെതിരെ മറ്റൊരു മുതിർന്ന നേതാവ് വലിയ പരാതി ഉന്നയിക്കുകയും പുറത്ത് മാധ്യമങ്ങളോട് അത് നിഷേധിക്കാതിരിക്കുകയും ചെയ്ത സ്ഥിതിയെ കാര്യമായി തന്നെ പാർട്ടി നേതാക്കൾ കാണുന്നു. തെറ്റ് തിരുത്തലിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ച സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പൂർണ്ണ പിന്തുണയോടെയാണ് പി ജയരാജൻറെ പരാതി എന്നാണ് സൂചനകൾ. എംവി ഗോവിന്ദനെ കേന്ദ്രീകരിച്ച് പാർട്ടിയിൽ പുതിയ സമവാക്യങ്ങൾ ഉണ്ടായി ഇപിയെ ലക്ഷ്യമിടുമ്പോൾ കത്തുന്ന വിവാദത്തിൽ ഇനി മുഖ്യമന്ത്രിയുടെ നിലപാടിലും ഉള്ളത് വലിയ ആകാംക്ഷ