തൊടുപുഴ: പി.സി. ജോര്‍ജിനേയും ജനപക്ഷം പാര്‍ട്ടിയേയും യുഡിഎഫില്‍ ഉള്‍പ്പെടുത്തുന്നതില്‍ എതിര്‍പ്പുമായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം രംഗത്ത്. ഘടക കക്ഷിയായി ജനപക്ഷത്തെ ഉള്‍പ്പെടുത്തുന്നത് അംഗീകരിക്കില്ലെന്നും പി.സി. ജോര്‍ജിനു വേണമെങ്കില്‍ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കാമെന്നുമാണ് ജോസഫിന്റെ നിലപാട്. ഇക്കാര്യം ഇന്നത്തെ യുഡിഎഫ് യോഗത്തില്‍ ഉന്നയിക്കുമെന്നും ജോസഫ് വ്യക്തമാക്കി.
അതേസമയം, യുഡിഎഫിനെ ശക്തിപ്പെടുത്താന്‍ മുന്നണിയില്‍ എത്തുമെന്നാണു പി.സി. ജോര്‍ജ് പറയുന്നത്. യുഡിഎഫ് അധികാരത്തിലെത്തണമെങ്കില്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടണമെന്നും മുന്‍പന്തിയില്‍ നില്‍ക്കണമെന്ന് ഉമ്മന്‍ചാണ്ടിയോട് പറഞ്ഞിട്ടുണ്ടെന്നും ജോര്‍ജ് പറഞ്ഞു.
ജനാധിപത്യത്തിനു വില കല്‍പ്പിക്കാത്ത പിണറായി വിജയന്‍ സര്‍ക്കാരിനെതിരെയുള്ള പോരാട്ടത്തിനു ജനപക്ഷത്തിന്റെ സേവനം ആവശ്യമാണെന്ന് യുഡിഎഫിനു ബോധ്യപ്പെട്ടിട്ടുണ്ട്. മുന്നണി പ്രവേശത്തെക്കുറിച്ച് യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ച നടത്താന്‍ പാര്‍ട്ടി അഞ്ചംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വവുമായി യാതൊരു തര്‍ക്കവുമില്ല. പ്രാദേശികമായ ചില തര്‍ക്കങ്ങള്‍ പറഞ്ഞുതീര്‍ക്കാവുന്നതേയുള്ളൂ. അതൊന്നും ആനക്കാര്യമല്ലെന്നും ജോര്‍ജ് പറഞ്ഞു.