ന്യൂഡല്‍ഹി : വ്യക്തമായ കോവിഡ് കണക്കുകൾ ഇന്ത്യ പുറത്തുവിട്ടിട്ടില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായി പി ചിദംബരം. പ്രിയ സുഹൃത്തിനെ ആദരിക്കാന്‍ ഒരു നമസ്‌തേ ട്രംപ് പരിപാടികൂടി നടത്തുമോ എന്നും അദ്ദേഹം ട്വിറ്ററിലൂടെ പരിഹാസ രൂപേണ ചോദിച്ചു.
യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ആദ്യ സംവാദത്തിൽ പങ്കെടുക്കവെയാണ് ട്രംപ് ഇന്ത്യയുടെ കോവിഡ് കണക്കുകളുടെ വിശ്വാസ്യതയെപ്പറ്റി പറഞ്ഞത്. കോവിഡ് മരണത്തിന്റെ കണക്കുകള്‍ കൃത്യമായി വെളിപ്പെടുത്താത്ത രാജ്യങ്ങളിലൊന്നാണ് ഇന്ത്യ എന്ന തരത്തിലുള്ള പരാമര്‍ശമാണ് ട്രംപ് നടത്തിയത്. ഇതേത്തുടര്‍ന്നാണ് പ്രധാനമന്ത്രിക്കെതിരെ വിമര്‍ശവുമായി ചിദംബരം രംഗത്തെത്തിയത്.
ചൈന, റഷ്യ എന്നീ രാജ്യങ്ങളെപ്പോലെ ഇന്ത്യയും കോവിഡ് കണക്കുകള്‍ മറച്ചുവെക്കുന്നുവെന്നാണ് ട്രംപ് പറഞ്ഞതെന്നും വായൂ മലിനീകരണത്തിന്റെ പേരിലും മൂന്ന് രാജ്യങ്ങളെയും ട്രംപ് വിമര്‍ശിച്ചുവെന്നും ചിദംബരം ചൂണ്ടിക്കാട്ടി. കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്ത രീതി ചൂണ്ടിക്കാട്ടി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ ഉന്നയിച്ച വിമര്‍ശത്തിന് മറുപടി നല്‍കവെയാണ് ട്രംപ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കെതിരായ പരാമര്‍ശം നടത്തിയത്.