തിരുവനന്തപുരം: സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധം പാളിയെന്ന ആരോപണവുമായി കെപിസിസി വൈസ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ്. സംസ്ഥാനത്ത് അപകടരമായ കൊവിഡ് വ്യാപനമാണ് നടക്കുന്നത്. വീണിടം വിഷ്ണു ലോകമാക്കുന്ന പരിപാടിയാണ് സര്‍ക്കാരിന്റേത്. സംസ്ഥാനത്ത് നടക്കുന്നത് ഡിലൈ ദി പീക്ക് അല്ല, ഡിനൈ ദി ടെസ്റ്റ് എന്നും വിഷ്ണുനാഥ് പറഞ്ഞു. ആരോഗ്യ മന്ത്രിയെ തുറന്ന സംവാദത്തിന് ക്ഷണിക്കുന്നുവെന്ന് ഓള്‍ ഇന്ത്യ പ്രഫഷണല്‍ കോണ്‍ഗ്രസ് പറഞ്ഞു.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം അപകടരമാം വിധം മുന്നോട്ട് പോകുമ്പോഴുംസര്‍ക്കാര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളില്‍ വ്യക്തത ഇല്ലെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. രാജ്യത്തെ പകുതി കൊവിഡ് രോഗികള്‍ കേരളത്തിലാണ്. മരണ നിരക്ക് ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തില്‍ നില്‍ക്കുമ്പോള്‍ കേരളത്തിലേത് പതിനൊന്ന് ശതമാനത്തിന് മുകളിലാണ്. കൂടുതല്‍ പരിശോധന കേന്ദ്രങ്ങള്‍ ആരംഭിച്ചെങ്കിലും ടെസ്റ്റിംഗ് കൂട്ടുന്നതില്‍ പരാജയപ്പെട്ടു. മറ്റിടങ്ങളില്‍ ആര്‍ടിപിസിആര്‍ പരിശോധനകളെ ആശ്രയിക്കുമ്പോള്‍ സംസ്ഥാനത്ത് നടത്തുന്ന സിംഹഭാഗം പരിശോധനകളും ആന്റിജെനാണ്. ഇതിന്റെ ഫലപ്രാപ്തി 50 % മാത്രമാണ്.
ആരോഗ്യ വകുപ്പ് ഒറ്റയ്ക്ക് കൈകാര്യം ചെയ്തതാണ് നില വഷളാക്കിയത്. ആരോഗ്യ വകുപ്പ് ഡയറക്ടറെയും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേയും ആരും പുറത്ത് കണ്ടിട്ടില്ല. സംസ്ഥാനത്ത് വാക്സിനേഷന്‍ മന്ദഗതിയിലാണ് നടക്കുന്നത്. ആരോഗ്യ വകുപ്പിന്റെ ഡിലൈ ദി പീക്ക് പ്രയോഗം വീണിടം വിഷ്ണുലോകം ആക്കുന്ന പരിപാടിയാണെന്നും പി.സി.വിഷ്ണുനാഥ് പറഞ്ഞു.
ആര്‍ടിപിസിആര്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണം. സര്‍ക്കാര്‍ വ്യാജ പ്രചരണം നിര്‍ത്തണം. നിയമസഭ തെരഞ്ഞെടുപ്പ് വരെ ഭീതി നിലനിര്‍ത്തി ജനങ്ങളെ കുരുതി കൊടുക്കരുതെന്നും വിഷ്ണുനാഥ് പറഞ്ഞു. ഉന്നയിച്ച കാര്യങ്ങളില്‍ ആരോഗ്യ മന്ത്രിയെ തുറന്ന സംവാദത്തിന് ക്ഷണിക്കുന്നതായി ഡോ.എസ്.എസ് ലാലും വ്യക്തമാക്കി.