പി സി ജോർജ് റിമാൻഡിൽ; ഇനി ജയിൽവാസം
തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗ കേസിൽ അറസ്റ്റ് ചെയ്ത പി സി ജോർജിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. അദ്ദേഹത്തെ പൂജപ്പുരയിലുള്ള ജില്ലാ ജയിലിലേക്ക് കൊണ്ടുപോകും. നിലവിൽ വൈദ്യപരിശോധനയ്ക്കായി ജനറൽ ആശുപത്രിയിലാണുള്ളത്. സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമായാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് എത്തിച്ചത്. കൊവിഡ് പരിശോധന അടക്കമുള്ളവയാണ് നടത്തുക. ആശുപത്രിയിലേക്ക് ഇറക്കാതെ വാഹനത്തിലിരുത്തി തന്നെയാണ് പരിശോധനകൾ നടത്തുന്നത്.
പൊലീസിനെതിരെ പരാതി ഇല്ലെന്ന് പി സി ജോർജ് കോടതിയിൽ പറഞ്ഞു. പൊലീസ് കാരണം പി സി ക്ക് ജീവിക്കാൻ കഴിയുന്നില്ലെന് അഭിഭാഷകൻ പറഞ്ഞു. പിസിയെ ഏതു വിധേനെയും ജയിലിലടക്കാനാണ് പൊലീസ് നീക്കം നടത്തിയത്. അതാണ് ഇന്നലെ രാത്രി കണ്ടത് എന്നും അഭിഭാഷകൻ പറഞ്ഞു. പൊലീസ് മർദ്ദിക്കുമോയെന്ന് ഭയമുണ്ടോ എന്ന് കോടതി ചോദിച്ചു. ഒന്നിനെയും ഭയമില്ലെന്ന് പി സി കോടതിയോട് പറഞ്ഞു.
പുറത്തുനിന്നാല്‍ പ്രതി കുറ്റം ആവര്‍ത്തിക്കുമെന്ന പ്രോസിക്യൂഷന്‍ വാദത്തിന്റെ അടിസ്ഥാനത്തിലാണ് ജോര്‍ജിനെ കോടതി റിമാന്‍ഡ് ചെയ്തത്.കേസില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് കണ്ടെത്തിയതിനാല്‍ കഴിഞ്ഞ ദിവസമാണ് ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യം കോടതി റദ്ദാക്കിയിരുന്നത്. ഇതിന് തൊട്ടുപിന്നാലെ കൊച്ചിയിലെത്തി പോലീസ് സംഘം ജോര്‍ജിനെ അറസ്റ്റ് ചെയ്തിരുന്നു. രാത്രിതന്നെ തിരുവനന്തപുരത്തേക്കും എത്തിച്ചു.
കേസ് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും ജയിലിൽ പോകാൻ തയ്യാറായിട്ടാണ് വന്നതെന്നും ജോർജ് മാദ്ധ്യമങ്ങളോട് പറഞ്ഞു.’ക്രൂരതയാണ് എന്നോട് കാണിക്കുന്നത്. ജാമ്യം ലഭിച്ചാൽ പല കാര്യങ്ങളും പറയാനുണ്ട്. വിലക്കുള്ളതിനാൽ ഇപ്പോൾ ഒന്നും പറയുന്നില്ല. പൊതുജനത്തിന്റെ പിന്തുണയുണ്ട്. കൂടാതെ ബി ജെ പി ആത്മാർത്ഥമായി പിന്തുണയ്ക്കുന്നുണ്ട്. നേതാക്കളെല്ലാം ഇന്നലെ എറണാകുളത്ത് വന്നിരുന്നു. പൊലീസ് ചെയ്യുന്നത് കാണുമ്പോൾ തമാശയായിട്ടാണ് തോന്നുന്നതെന്നും പി സി ജോർജ് വ്യക്തമാക്കി.