തിരുവനന്തപുരം: പി.സി. ചാക്കോ എന്‍സിപിയില്‍ ചേരും. ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി ഇന്ന് നിര്‍ണായക കൂടിക്കാഴ്ച നടത്തും. ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ എന്നിവരുമായും പി.സി. ചാക്കോ ചര്‍ച്ച നടത്തും. എന്‍സിപിയുമായി പി.സി. ചാക്കോ നേരത്തെ തന്നെ ചര്‍ച്ചകള്‍ നടത്തിയിരുന്നതായാണ് വിവരങ്ങള്‍.
എന്നാല്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. ഇന്ന് വിഷയത്തില്‍ ഔദ്യോഗികമായ ചര്‍ച്ചകള്‍ നടക്കുമെന്നാണ് വിവരം. ശരദ് പവാറുമായി പി.സി. ചാക്കോയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു.
പി.സി. ചക്കോയെ എന്‍സിപിയില്‍ എത്തിക്കാന്‍ വേണ്ട ചര്‍ച്ചകള്‍ നടത്താന്‍ ശരദ് പവാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന്‍ നേരത്തെ പറഞ്ഞിരുന്നു. ചാക്കോയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു. അദ്ദേഹത്തിന് പോകാന്‍ പറ്റിയ പാര്‍ട്ടി വേറെ ഇല്ല. പി.സി. ചാക്കോയുടെ രാജി കോണ്‍ഗ്രസിന്റെ തകര്‍ച്ച വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പാര്‍ട്ടിയില്‍ നിന്നുള്ള കടുത്ത അവഗണനയെ തുടര്‍ന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ പാര്‍ട്ടി വിട്ടത്. ഇത്തവണ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാത്തതില്‍ കടുത്ത അമര്‍ഷത്തിലായിരുന്നു ചാക്കോ. ഇതാണ് പെട്ടെന്നുള്ള രാജിപ്രഖ്യാപനത്തിലേക്ക് എത്തിയതെന്നാണ് സൂചന. കോണ്‍ഗ്രസ് എന്നൊരു പാര്‍ട്ടി കേരളത്തിലില്ല, എ കോണ്‍ഗ്രസും ഐ കോണ്‍ഗ്രസുമേയുള്ളൂ. ആ രണ്ട് പാര്‍ട്ടികളും തമ്മിലുള്ള സീറ്റ് വീതം വയ്പ്പാണ് നടക്കുന്നതെന്ന് പി സി ചാക്കോ ആരോപിച്ചിരിന്നു.
ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതെന്നും മുതിര്‍ന്ന നേതാക്കളോട് സ്ഥാനാര്‍ത്ഥി വിഷയം ചര്‍ച്ച ചെയ്യണമെന്നുള്ള ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം സംസ്ഥാന നേതാക്കള്‍ പരിഗണിച്ചില്ലെന്നും ചാക്കോ പറഞ്ഞിരിന്നു.