കോട്ടയം: പ്രമുഖ തിരക്കഥാകൃത്തും അഭിനേതാവുമായ പി. ബാലചന്ദ്രന്‍ ഗുരുതരാവസ്ഥയില്‍. മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്ന് വൈക്കത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ട് ദിവസം മുമ്പ് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഭാര്യ ശ്രീലത ബാലചന്ദ്രന്‍ ഉള്‍പ്പടെയുള്ളവര്‍ ആശുപത്രിയിലുണ്ട്. വിവരം അറിഞ്ഞ് സിനിമ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ നിരവധിപേര്‍ ആശുപത്രിയില്‍ എത്തുന്നുണ്ട്
കൊല്ലം സ്വദേശിയായ പി. ബാലചന്ദ്രന്‍ മകുടി (ഏകാഭിനയ ശേഖരം), പാവം ഉസ്മാന്‍, മായാ സീതങ്കം, നാടകോത്സവം എന്ന് തുടങ്ങി നിരവധി നാടകങ്ങള്‍ രചിച്ചു. ഏകാകി, ലഗോ, തീയറ്റര്‍ തെറാപ്പി, ഒരു മധ്യവേനല്‍ പ്രണയരാവ്, ഗുഡ് വുമന്‍ ഓഫ് സെറ്റ്സ്വാന്‍ തുടങ്ങിയ നാടകങ്ങള്‍ സംവിധാനം ചെയ്തു.
ഉള്ളടക്കം, അങ്കിള്‍ ബണ്‍, പവിത്രം, തച്ചോളി വര്‍ഗ്ഗീസ് ചേകവര്‍, അഗ്നിദേവന്‍ (വേണു നാഗവള്ളിയുമൊത്ത്), മാനസം, പുനരധിവാസം, കമ്മട്ടിപാടം, പോലീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയും സംഭാഷണവുമെഴുതി. വക്കാലത്ത് നാരായണന്‍ കുട്ടി, ശേഷം, പുനരധിവാസം, ശിവം, ജലമര്‍മ്മരം, ട്രിവാന്‍ഡ്രം ലോഡ്ജ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളേയും പി. ബാലചന്ദ്രന്‍ അവതരിപ്പിച്ചിട്ടുണ്ട്.
മികച്ച നാടകരചനക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരളസംസ്ഥാന പ്രൊഫഷണല്‍ നാടക അവാര്‍ഡ്, കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡ്, കേരള സംഗീതനാടക അക്കാദമി അവാര്‍ഡ് എന്നിവയും അദ്ദേഹം നേടിയിട്ടുണ്ട്.