തിരുവനന്തപുരം: തിരുവനന്തപുരം റീജേണല്‍ കാന്‍സര്‍ സെന്ററില്‍ ഓക്സിജന്‍ ക്ഷാമം. സിലിണ്ടര്‍ വിതരണത്തിലെ അപാകതയാണ് ഓക്സിജന്‍ ക്ഷാമത്തിന് കാരണമെന്നാണ് വിവരം. ഇന്ന് എട്ട് ശസ്ത്രക്രിയകള്‍ മാറ്റിവച്ചു.
ഒരു ദിവസം ആശുപത്രിയില്‍ വേണ്ടത് 65 മുതല്‍ 70 വരെ ഓക്സിജന്‍ സിലിണ്ടറുകളാണ്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ 35 സിലിണ്ടറുകള്‍ വരെ മാത്രമേ ലഭിച്ചിരുന്നുള്ളൂ. അടിയന്തര പ്രാധാന്യമുള്ള ശസ്ത്രക്രിയകള്‍ മാത്രം നടത്തി മറ്റ് ശസ്ത്രക്രിയകള്‍ വെട്ടിക്കുറച്ച് പരിഹാരം കാണുകയായിരുന്നു.
ഇന്ന് ഒരു സിലിണ്ടര്‍ പോലും ലഭിക്കാതെ വന്നതിനാലാണ് ശസ്ത്രക്രിയകള്‍ മുടങ്ങിയത്. ഓക്സിജന്‍ വിതരണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ സെക്രട്ടറിക്കും ജില്ലാ ഭരണകൂടം സജ്ജമാക്കിയ ഓക്സിജന്‍ വാര്‍ റൂമിലും ആര്‍സിസി ഡയറക്ടര്‍ കത്ത് നല്‍കി. നേരത്തെ തിരുവനന്തപുരത്തെ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലും ഓക്സിജന്‍ ക്ഷാമമുണ്ടായിരുന്നു.
സംസ്ഥാനത്ത് ഓക്സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ ഓരോ മണിക്കൂറിലും വിവരം അറിയാനുള്ള വാര്‍ റൂം സജ്ജമാക്കിയതായിരുന്നു. ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ വഴുതക്കാട് വിമന്‍സ് കോളേജില്‍ വാര്‍ റൂം സജ്ജമാക്കിയിരിന്നു. ഇതിനിടെയാണ് ഓക്‌സിജന്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.