കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലെ ഓക്സിജന്‍ പ്ലാന്റ് പ്രവര്‍ത്തനമാരംഭിച്ചു. നിലവിലെ ഓക്സിജന്‍ ആവശ്യകതയുടെ 50 ശതമാനമാണ് പ്ലാന്റില്‍ നിന്ന് ലഭ്യമാകുക. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയിലൂടെയാണ് പ്ലാന്റ് യാഥാര്‍ത്ഥ്യമായത്.
അന്തരീക്ഷത്തില്‍ നിന്ന് നേരിട്ട് ഓക്സിജന്‍ വേര്‍തിരിച്ചെടുക്കുന്ന പ്രഷര്‍ സിങ് അഡ്സോര്‍പ്ഷന്‍ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള പ്ലാന്റ് ആണ് പ്രവര്‍ത്തനം ആരംഭിച്ചത്. മിനിറ്റില്‍ 2000 ലിറ്റര്‍ ഓക്സിജന്‍ ലഭ്യമാകും. നിലവില്‍ അത്യാഹിത വിഭാഗത്തിലെ ബെഡുകളിലേക്ക് നേരിട്ടാണ് ഓക്സിജന്‍ വിതരണം. കൊവിഡ് പശ്ചാത്തലത്തില്‍ മെഡിക്കല്‍ കോളജ് നേരിട്ട പ്രതിസന്ധിക്കാണ് ഭാഗിക പരിഹാരമാകുന്നത്.
അമേരിക്കന്‍ നിര്‍മിത യന്ത്രങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 2.35 കോടിയും, നിര്‍മാണ ചെലവുകള്‍ക്കായി സംസ്ഥാനം 85 ലക്ഷവും ചെലവഴിച്ചു. പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചതോടെ പുറത്തുനിന്ന് വാങ്ങേണ്ടി വരുന്ന ഓക്സിജന്റെ അളവ് പകുതിയായി കുറയ്ക്കാം.
കേരളത്തില്‍ കൊവിഡ് രോഗികള്‍ കൂടിവരുന്ന സാഹചര്യത്തില്‍ അയല്‍ സംസ്ഥാനങ്ങള്‍ക്ക് ഇനി ഓക്സിജന്‍ നല്‍കാനാവില്ലെന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരിന്നു. കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന 219 ടണ്‍ ഓക്സിജനും സംസ്ഥാനത്ത് ഉപയോഗിക്കാന്‍ അനുവദിക്കണം.
കരുതല്‍ ശേഖരമായ 450 ടണില്‍ ഇനി 86 ടണ്‍ മാത്രമാണ് അവശേഷിക്കുന്നത്. മെയ് 15 ന് സംസ്ഥാനത്തെ രോഗികള്‍ ആറ് ലക്ഷത്തില്‍ എത്താമെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. നിലവില്‍ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 4 ലക്ഷമാണ്. സംസ്ഥാനത്തെ ഗുരുതര സാഹചര്യം പരിഗണിച്ചാണ് മുഖ്യമന്ത്രി കത്തയച്ചത്.
കൂടുതല്‍ ശേഖരത്തിലുണ്ടായിരുന്ന ഓക്സിജന്‍ തമിഴ്നാടിന് കൊടുത്തതായും മുഖ്യമന്ത്രി പറയുന്നു. തമിഴ്‌നാടിന് 40 മെട്രിക് ടണ്‍ ദിനംപ്രതി സംസ്ഥാനം നല്‍കിയിരുന്നു. 219 ടണ്‍ മെട്രിക് ഓക്സിജനാണ് നിലവില്‍ സംസ്ഥാനം ഉത്പാദിപ്പിക്കുന്നത്. ഇത് സംസ്ഥാനത്തെ ആവശ്യത്തിന് ഉപയോഗിക്കാന്‍ അനുവദിക്കണം. ലിക്വിഡ് ഓക്സിജന്‍ ഉപയോഗിക്കേണ്ട രോഗികളുടെ എന്നതില്‍ വന്‍ വര്‍ധനവാണ് ഉള്ളതെന്ന് കത്തില്‍ ചൂണ്ടികാണിച്ചിരിന്നു.