ഓക്സ്ഫോർഡ് കൊറോണ വാക്സിൻ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ അമേരിക്കയിൽ ആരംഭിച്ചു
ന്യൂയോർക്ക്:ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും അസ്ട്രാസെനെക്കയും വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് വാക്സിൻ അമേരിക്കയിൽ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിച്ചു. ഇന്ത്യ, ബ്രസീൽ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക തുടങ്ങി നിരവധി രാജ്യങ്ങളിൽ വാക്സിൻ ഇതിനകം തന്നെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ നടക്കുകയാണ്. ജപ്പാനിലും റഷ്യയിലും പരീക്ഷണങ്ങൾ ഉടൻ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.
യുഎസിലെ പരീക്ഷണത്തിൽ, 30,000ത്തോളം പേർ പങ്കെടുക്കാൻ സാധ്യതയുണ്ട്. ആഗോളതലത്തിൽ, ഓക്സ്ഫോർഡ് വാക്സിൻ പരീക്ഷണങ്ങളിൽ 50,000 പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ, വാക്സിന്റെ രണ്ടാം ഘട്ട പരീക്ഷണങ്ങൾ കഴിഞ്ഞയാഴ്ച ആരംഭിച്ചു. 1.600 ഓളം പേർ പങ്കെടുക്കുന്ന രണ്ടാം ഘട്ട പരീക്ഷണവും മൂന്നാം ഘട്ട പരീക്ഷണവും ഒന്നിച്ച് നടത്താനാണ് സാധ്യത.
യുഎസിൽ, പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെടുന്നതുപോലെ, പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ, അടിയന്തിര ഉപയോഗത്തിനുള്ള അംഗീകാരം ലഭിക്കാൻ സാധ്യതയുള്ള ഈ പരീക്ഷണങ്ങളുടെ പ്രാഥമിക ഡാറ്റ ഒക്ടോബർ ആദ്യം തന്നെ ലഭിക്കുമെന്ന് ഡവലപ്പർമാർ പ്രതീക്ഷിക്കുന്നു.
മൂന്നാം ഘട്ടത്തിൽ നിന്നുള്ള പ്രാഥമിക ഡാറ്റ അനുകൂലമാണെങ്കിൽ യുഎസ് വാക്സിനേഷന് അടിയന്തര ഉപയോഗത്തിന് അനുമതി നൽകുന്നതിന് യുഎസ് സർക്കാർ ആസ്ട്രാസെനെക്കയുമായി ധാരണയിലെത്തിയതായി റിപ്പോർട്ടുണ്ട്. ഈ റിപ്പോർട്ടുകൾ കമ്പനി നിഷേധിച്ചു. മൂന്നാം ഘട്ട പരീക്ഷണങ്ങൾ പൂർത്തിയാക്കുകയും അതിന്റെ ഫലം ലഭിക്കുകയും ചെയ്യുന്നുന്നതിന് മുൻപ് തന്നെ അമേരിക്ക വാക്സിനേഷനിലേക്ക് നീങ്ങുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മൂന്നാം ഘട്ട പരീക്ഷണങ്ങൾ പൂർത്തിയാകുന്നതിന് മുമ്പുതന്നെ അനുയോജ്യമായ വാക്സിൻ കാൻഡിഡേറ്റുകൾക്ക് അടിയന്തിര അംഗീകാരം നൽകാമെന്ന് രാജ്യത്തെ ദി ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അഭിപ്രായപ്പെട്ടിട്ടുണ്ട്.
കൊറോണ വൈറസ് വാക്സിൻ നിർമ്മിക്കുന്നതിനുള്ള മറ്റൊരു മുൻനിര എതിരാളിയായ ഫാർമ ഭീമൻ ഫൈസറും അതിന്റെ മൂന്നാം പരീക്ഷണങ്ങളിൽ നിന്നുള്ള ആദ്യകാല വിവരങ്ങൾ ഒക്ടോബറോടെ ലഭ്യമാകുമെന്ന് പറഞ്ഞതായി റിപ്പോർട്ടുണ്ട്. പങ്കാളിയായ ബയോ എൻടെക്കിനൊപ്പം ഫൈസർ വികസിപ്പിച്ചെടുക്കുന്ന വാക്‌സിനും ഇപ്പോൾ മൂന്നാം പരീക്ഷണങ്ങൾക്ക് വിധേയമാണ്.
അതേസമയം, യുണൈറ്റഡ് സ്റ്റേറ്റ്സിൽ അതിവേഗ അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിൽ, ആസ്ട്രാസെനെക്ക യുകെ ആസ്ഥാനമായുള്ള ഓക്സ്ഫോർഡ് ബയോമെഡിക്കയുമായി വാക്സിൻ വൻതോതിൽ ഉൽപ്പാദിപ്പിക്കുന്നതിനായി നിലവിലുള്ള നിർമ്മാണ കരാർ വിപുലീകരിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. വിപുലീകരിച്ച കരാർ പ്രകാരം എത്ര ഡോസുകൾ നിർമ്മിക്കണമെന്ന് പറഞ്ഞിട്ടില്ല.