വളര്‍ത്തുനായയെ സ്‌കൂട്ടറില്‍ കെട്ടിവലിച്ച സംഭവം; ഉടമ അറസ്റ്റില്‍

മലപ്പുറം: എടക്കരയില്‍ വളര്‍ത്തുനായയെ സ്‌കൂട്ടറില്‍ കെട്ടിവലിച്ച ഉടമ അറസ്റ്റില്‍. കരുനെച്ചി സ്വദേശി സേവ്യറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മൃഗസ്‌നേഹികളുടെ സംഘടന സാലി കണ്ണന്റെ നേതൃത്വത്തില്‍ എടക്കര പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഇആര്‍എഫ് പ്രവര്‍ത്തകര്‍ മുന്‍കയ്യെടുത്ത് നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ വീട് കണ്ടെത്തിയെങ്കിലും സേവ്യര്‍ വീട്ടിലുണ്ടായിരുന്നില്ല. തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ശനിയാഴ്ചയാണ് വളര്‍ത്തു നായയോട് ഉടമ ക്രൂരത കാട്ടിയത്. നായയെ മൂന്ന് കിലോമീറ്ററോളം സ്‌കൂട്ടറിന്റെ പിന്നില്‍ കെട്ടിവലിച്ചു. വൈകുന്നേരം നാലോടെയായിരുന്നു സംഭവം.

വീട്ടില്‍ ശല്യമായ നായയെ ഉപേക്ഷിക്കാന്‍ കൊണ്ടുപോയതാണെന്നാണ് ഉടമയുടെ വിശദീകരണം. ചെരിപ്പ് ഉള്‍പ്പെടെ കടിച്ചുമുറിക്കുകയാണെന്നും വീട്ടില്‍ നായ ശല്യമായി മാറിയെന്നും ഇയാള്‍ പറയുന്നു. നായയെ സ്‌കൂട്ടറില്‍ കെട്ടിയ ശേഷം തുടക്കത്തില്‍ വേഗം കുറച്ചാണ് ഇയാള്‍ സഞ്ചരിച്ചത്.

സ്‌കൂട്ടറിന്റെ വേഗത്തില്‍ കിലോമീറ്ററുകളോളം നായ പിന്നാലെ ഓടി. കാഴ്ച കണ്ട നാട്ടുകാര്‍ വിലക്കിയപ്പോള്‍ ഇയാള്‍ സ്‌കൂട്ടറിന് വേഗം കൂട്ടി ഓടിച്ചുപോയി. ഈ സമയം വീണുപോയ നായയെ കെട്ടിവലിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News