FeaturedHome-bannerKeralaNews

ഗവർണറുടെ ചാൻസലർ പദവി മാറ്റാൻ ഓർഡിനൻസ് ഒരുങ്ങുന്നു; തയ്യാറെടുപ്പ് തുടങ്ങി

തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ പദവിയിൽനിന്നു ഗവർണറെ മാറ്റാൻ സർക്കാർ തയ്യാറെടുപ്പുതുടങ്ങി. നിയമസഭാസമ്മേളനം നിശ്ചയിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ഓർഡിനൻസ് ഇറക്കാനാണ് ധാരണ.

ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തിൽ ഓർഡിനൻസ് പരിഗണിക്കുമോയെന്നു വ്യക്തമല്ല. ചാൻസലർ പദവിയിൽനിന്ന്‌ ഗവർണറെ നീക്കുന്നതിനെക്കുറിച്ച് സർക്കാർ കഴിഞ്ഞദിവസം നിയമവിദഗ്ധരുമായി കൂടിയാലോചിച്ചിരുന്നു. ഇതിനുപിന്നാലെ, സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥസംഘം ഓർഡിനൻസിനായുള്ള തയ്യാറെടുപ്പും തുടങ്ങി. ഒമ്പതു സർവകലാശാലകളിലെ വി.സി.മാരോട് രാജിവെക്കാൻ നിർദേശിച്ച് ഗവർണർ അത്യസാധാരണ നടപടിയിലേക്കു കടന്നതോടെ ഇനി വൈകിക്കേണ്ടതില്ലെന്ന നിലപാടിലാണ് സർക്കാർ.

ഗവർണർക്ക് ചാൻസലർ പദവി നൽകേണ്ടതില്ലെന്നും ഓരോ സർവകലാശാലയ്ക്കും പ്രത്യേകം ചാൻസലർ വേണമെന്നും ഉന്നതവിദ്യാഭ്യാസ പരിഷ്‌കാരത്തിനായി നിയോഗിക്കപ്പെട്ട ശ്യാം ബി. മേനോൻ കമ്മിഷനും ശുപാർശ ചെയ്തിരുന്നു. യു.ജി.സി. മാനദണ്ഡത്തിൽ ചാൻസലർ പദവി സംബന്ധിച്ചു വ്യവസ്ഥകളൊന്നുമില്ല. ഓരോ സർവകലാശാലയുടെയും പ്രത്യേക നിയമമനുസരിച്ചാണ് ഗവർണറെ ചാൻസലറായി നിയമിച്ചിട്ടുള്ളത്.

ഇങ്ങനെ, ഗവർണർക്കുള്ള ചാൻസലർ പദവി നിയമസഭ നൽകിയ അധികാരമാണെന്ന് സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്നു നീക്കുന്നതിൽ ഭരണഘടനാപ്രശ്നങ്ങളുമില്ല. കേന്ദ്രസർവകലാശാലകളിൽ മുമ്പ് ചാൻസലറായി രാഷ്ട്രപതിയെ നിശ്ചയിച്ചിരുന്നു. അവയിൽ പലതിലും ഇപ്പോൾ രാഷ്ട്രപതിയല്ല ചാൻസലർ.

ചാൻസലർ പദവി മാറ്റി ഓർഡിനൻസോ നിയമസഭയിൽ ബില്ലോ കൊണ്ടുവന്നാൽ താൻ ഒപ്പിട്ടുനൽകാമെന്ന് പലവട്ടം ഗവർണർ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ, ഓർഡിനൻസ് ഇറക്കിയാൽ ഗവർണർക്കതു നിരസിക്കാനാവില്ലെന്ന് സർക്കാർ കരുതുന്നു. എന്നാൽ വി.സി. നിയമന വ്യവസ്ഥകളുള്ള സർവകലാശാലാ ഭേദഗതി ബില്ലിൽ ഇതുവരെയും ഗവർണർ ഒപ്പിട്ടിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button