കൊച്ചി:സ്ത്രീകൾക്കെതിരായ മോശം പരാമാർശം നടത്തിയ വിവാദ യൂട്യൂബർ വിജയ് പി. നായരെ മർദ്ദിച്ച കേസിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കം, മൂന്ന് പ്രതികൾ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി ഇന്ന് പരിഗണിക്കും. വിജയ് പി നായരുടെ മുറിയിൽ അതിക്രമിച്ച് കയറി ആക്രമിച്ചിട്ടില്ലെന്നും പ്രശ്നം പറഞ്ഞ് പരിഹരിക്കാനാണ് പോയതെന്നുമാണ് ഹര്‍ജിക്കാരുടെ വാദം.
അറസ്റ്റ് തടയണമെന്ന ഹർജിയിൽ സർക്കാർ ഇന്ന് നിലപാട് അറിയിക്കും. ഭാഗ്യലക്ഷ്മിക്ക് പുറമെ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരാണ് കോടതിയെ സമീപിച്ചത്. വിജയ് പി. നായരുടെ മുറിയിൽ അതിക്രമിച്ച് കയറി ആക്രമിച്ചിട്ടില്ലെന്നും പ്രശ്നം പറഞ്ഞ് പരിഹരിക്കാനാണ് പോയതെന്നും ഹർജിക്കാർ വ്യക്തമാക്കുന്നു.
എന്നാൽ വിജയ് പി നായർ ഇങ്ങോട്ട് പ്രകോപനപരമായി പെരുമാറുകയായിരുന്നു. വിജയ് പി. നായരുടെ ലാപ്ടോപ്, മൊബൈൽ ഫോൺ എന്നിവ പൊലീസിന് കൈമാറിയിരുന്നെന്നും മോഷണം നടത്താനുള്ള ഉദ്ദേശത്തോടെയല്ല ഇത് കൊണ്ടുപോയതെന്നും ഹർജിയിൽ പറയുന്നു.
കേസിൽ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന ഭയമുണ്ടെന്നും അത് തങ്ങൾക്ക് സമൂഹത്തിലുള്ള അംഗീകാരത്തെ മോശമായി ബാധിക്കുമെന്നതിനാൽ അറസ്റ്റ് തടയണമെന്നുമാണ് ഭാഗ്യലക്ഷ്മി അടക്കമുള്ളവർ ഹർജിയിൽ ആവശ്യപ്പെടുന്നത്. യൂട്യൂബറെ മുറിയിൽ കയറി കൈയേറ്റം ചെയ്തെന്ന കേസിൽ മുൻകൂർ ജാമ്യം തള്ളിയതോടെ അറസ്റ്റിന് തുനിഞ്ഞ പൊലീസ് തൽക്കാലം ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ കൂടി നോക്കിയ ശേഷം മതി തുടർനടപടികളെന്ന നിലപാടിലാണ്.
വിജയ് പി. നായരുടെ ലാപ്ടോപ്പും മൊബൈൽഫോണും പൊലീസിലേൽപ്പിച്ചുവെന്നിരിക്കെ മോഷണക്കുറ്റം ചുമത്തിയ നടപടിയും കൈയേറ്റവും നിലനിൽക്കില്ലെന്നാകും പ്രധാനമായും ഇവർ വാദിക്കുക. ചുമത്തിയ കുറ്റങ്ങൾ പരസ്പര വിരുദ്ധമാണെന്നും വാദിക്കും. അതേസമയം വീഡിയോ സഹിതം തെളിവുള്ളതിനാൽ പിടിച്ചുപറി എന്നതിലുപരി, ദേഹോപദ്രവമേൽപ്പിച്ചുള്ള മോഷണക്കുറ്റം എന്ന നിലയിലേക്ക് പൊലീസ് നിലപാട് കടുപ്പിക്കും.
കൈയേറ്റം വ്യക്തമാണെന്നിരിക്കെ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി സ്വീകരിക്കുന്ന തീരുമാനമെന്താകുമെന്നത് നിർണായകമാണ്. ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ ജാമ്യ ഹർജിയെ സെഷൻസ് കോടതിയിൽ പൊലീസ് ശക്തമായി എതിർത്തിരുന്നു