പത്തനംതിട്ട: അന്തരിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കുടുംബ പെന്‍ഷന്‍ ആദ്യഭാര്യയുടെ മരണത്തെ തുടര്‍ന്നു രണ്ടാമത്തെ ഭാര്യയ്ക്കു മുഴുവനായി നല്‍കാന്‍ ഉത്തരവ്. രണ്ടു ഭാര്യമാര്‍ക്കും തുല്യമായി ലഭിച്ചുകൊണ്ടിരുന്ന പെന്‍ഷന്‍ തുക തുടര്‍ന്നങ്ങോട്ട് മുഴുവനായി രണ്ടാമത്തെ ഭാര്യയ്ക്കു നല്‍കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ് നല്‍കി.
ഒരു മാസത്തിനുള്ളില്‍ നടപടി സ്വീകരിക്കണമെന്നാണ് നിര്‍ദേശം.ജലസേചന വകുപ്പില്‍ ജോലി ചെയ്തിരുന്ന ഭാസ്‌ക്കര പിള്ളയുടെ പെന്‍ഷന്‍ ആദ്യ ഭാര്യ ഗൗരിയമ്മ ഭാര്‍ഗ്ഗവിയമ്മയ്ക്കും രണ്ടാം ഭാര്യ കുഞ്ഞികുട്ടിയമ്മ തങ്കമണിയമ്മക്കും തുല്യമായി വീതിച്ചാണ് നല്‍കിയിരുന്നത്. ഗൗരിയമ്മ മരിച്ചതിനെ തുടര്‍ന്നാണു കുഞ്ഞികുട്ടിയമ്മക്ക് പെന്‍ഷന്‍ പൂര്‍ണമായി നല്‍കണമെന്ന് ഉത്തരവിട്ടത്.
ജലസേചന വകുപ്പ് ചീഫ് എന്‍ജിനീയര്‍ക്കാണു മനുഷ്യാവകാശ കമ്മിഷന്‍ അംഗം വി കെ ബീനാകുമാരി ഉത്തരവ് നല്‍കിയത്. പരാതിക്കാരിയായ കുഞ്ഞികുട്ടിയമ്മക്ക് 90 വയസ്സു കഴിഞ്ഞെന്നും പെന്‍ഷന്‍ തുകയല്ലാത്ത മറ്റു വരുമാന മാര്‍ഗങ്ങളൊന്നുമില്ലെന്നും കമ്മിഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാണിച്ചു. പരാതിക്കാരിയുടെ പ്രായവും സാമ്പത്തിക സ്ഥിതിയും കണക്കിലെടുക്കണമെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.