KeralaNews

ഇന്ധന വില വര്‍ധന; സൈക്കിള്‍ ചവിട്ടി നിയമസഭയിലെത്തി പ്രതിപക്ഷ നേതാക്കള്‍

തിരുവനന്തപുരം: ഇന്ധന വിലവര്‍ധനയ്ക്കെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. നിയമസഭയിലേക്ക് സൈക്കിളിലെത്തിയാണ് പ്രതിപക്ഷ എം.എല്‍.എമാര്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. കേന്ദ്രം ഇന്ധന വില കുറച്ചതുപോലെ കേരളവും നികുതി കുറച്ച് ഇന്ധന വില കുറയ്ക്കണമെന്നാണ് പ്രതിപക്ഷം മുന്നോട്ട് വയ്ക്കുന്ന ആവശ്യം.

മുന്‍പും പലതവണ പ്രതിപക്ഷം ഇക്കാര്യം സഭയില്‍ അവതരിപ്പിച്ചുവെങ്കിലും സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കില്ലെന്ന നിലപാടിലാണ്. കേന്ദ്രം നികുതി കൂട്ടിയതുകൊണ്ടാണ് കുറച്ചതെന്നും സംസ്ഥാനം നികുതി കൂട്ടിയില്ല, അതുകൊണ്ട് കുറയ്ക്കുകയുമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

സമരം വ്യാപകമാക്കാനുള്ള തീരുമാനത്തിലാണ് പ്രതിപക്ഷം. ഇന്ന് ഇന്ധന നികുതി അടിയന്തര പ്രമേയമായി അവതരിപ്പിക്കാനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. കെ ബാബുവായിരിക്കും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കുക. സംസ്ഥാനം നികുതി കുറയ്ക്കുന്നതിലൂടെ ഇന്ധന വിലയില്‍ ഏഴ് രൂപയോളം വ്യത്യാസം വരുമെന്നാണ് പ്രതിപക്ഷത്തിന്റെ നിഗമനം.

ഇന്ധന നികുതി കുറയ്ക്കാത്തതിനെതിരെ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ചക്രസ്തംഭന സമരം നടത്തിയിരിന്നു. ജില്ലാ ആസ്ഥാനങ്ങളില്‍ ഡിസിസികളുടെ നേതൃത്വത്തിലാണ് ചക്രസ്തംഭന സമരം നടന്നത്. ഇന്ധന വിലക്കയറ്റത്തിന് എതിരെയും കേരളം നികുതി കുറയ്ക്കണമെന്ന ആവശ്യം ഉയര്‍ത്തിയുമാണ് 15 മിനിറ്റ് വാഹനങ്ങള്‍ നിര്‍ത്തിയിട്ടാണ് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്.

സമരത്തിന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നേതൃത്വം നല്‍കി. അതേസമയം, വഴിതടഞ്ഞുള്ള സമരത്തോട് വിജോയിപ്പുള്ള പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ചക്രസ്തംഭന സമരത്തില്‍ നിന്ന് വിട്ടുനിന്നു. ചക്രസ്തംഭന സമരത്തില്‍ തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പങ്കെടുക്കുമായിരുന്നു കോണ്‍ഗ്രസ് അറിയിച്ചിരുന്നത്. എന്നാല്‍ ചക്രസ്തംഭനം നടക്കുന്ന സമയത്ത് നിയമസഭയിലായിരുന്നു പ്രതിപക്ഷ നേതാവ്. മുല്ലപ്പെരിയാര്‍ പോലെ ഗൗരവമുള്ള വിഷയമാണ് സഭയില്‍ നടന്നത്. ഇവിടെ ഞാന്‍ തന്നെ വേണ്ടേ എന്നും, സമരത്തിന് കെപിസിസി പ്രസിഡന്റ് ഒക്കെയുണ്ടല്ലോ എന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി.

ചക്രസ്തംഭന സമരത്തിനിടെ പാലക്കാട് സംഘര്‍ഷമുണ്ടായിരുന്നു. വി കെ ശ്രീകണ്ഠന്‍ എംപിയും പോലീസും തമ്മിലാണ് വാക്കേറ്റമുണ്ടായത്. പ്രകടനം സുല്‍ത്താന്‍പേട്ട ജംഗ്ഷന്‍ എത്തുന്നതിന് മുമ്പ് പ്രവര്‍ത്തകരെ പോലീസ് തടഞ്ഞതാണ് വാക്കുതര്‍ക്കത്തിനും സംഘര്‍ഷത്തിനും കാരണമായത്. സമരസ്ഥലം മുന്‍കൂട്ടി അറിയിച്ചതാണെന്നും പോലീസ് തന്നെ കയ്യേറ്റം ചെയ്‌തെന്നും എം.പി പറഞ്ഞു.

പെട്രോളിന് അഞ്ചും ഡീസലിന് പത്തും രൂപ നികുതി കുറച്ച കേന്ദ്രം എല്ലാ സംസ്ഥാനങ്ങളോടും നികുതി കുറയ്ക്കാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. എന്‍ഡിഎ ഭരിക്കുന്ന പതിനേഴ് സംസ്ഥാനങ്ങളില്‍ വില കുറച്ചു. എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളല്ലാതെ ഒഡീഷയും പഞ്ചാബും മാത്രമാണ് വില കുറച്ചത്. ജമ്മു കശ്മീര്‍, ചണ്ഡീഗഡ്, ലഡാക്ക്, പുതുച്ചേരി, ലക്ഷദ്വീപ്, ദാദ്രാനഗര്‍ ഹവേലി, ദാമന്‍ ദിയു എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളും വില കുറച്ചു. കേരളത്തെ കൂടാതെ മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളൊക്കെ വില കുറക്കാന്‍ തയ്യാറല്ലെന്ന നിലപാടിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button