തിരുവനന്തപുരം: സെക്രട്ടേറിയത്തിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപിടിത്തം അട്ടിമറി തന്നെയാണെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രോട്ടോക്കോള്‍ വിഭാഗത്തിലെ ഫയലുകള്‍ നശിപ്പിക്കുകയായിരുന്നു ലക്ഷ്യം. കത്തി നശിച്ച ഫയലുകളില്‍ ചിലതിന് ബാക്ക്അപ്പ് ഫയലുകള്‍ ഇല്ല.
തീ പിടുത്തത്തിന്റെ മറവില്‍ പല ഫയലുകളും കടത്തുകയും ചെയ്തുവെന്നും ചെന്നിത്തല ആരോപിച്ചു. സംഭവത്തില്‍ ചീഫ് സെക്രട്ടറി അന്വേഷണം മതിയാകില്ലെന്നും എന്‍ഐഎ അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പട്ടു. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് യുഡിഎഫ് സമരം നടത്തിയത്. സെക്രട്ടേറിയറ്റിലേക്ക് എത്തിയ ജനപ്രതിനിധികളെയും മാധ്യമങ്ങളെയും തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായത്. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിയുടെ ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും ചെന്നിത്തല പ്രതികരിച്ചു.
സംസ്ഥാന സര്‍ക്കാരിനെതിരെ യുഡിഎഫിന്റെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാനത്തെ ഇരുപത്തിയൊന്നായിരം വാര്‍ഡുകളില്‍ സത്യഗ്രഹ സമരം നടക്കും. സ്വര്‍ണ്ണക്കള്ളക്കടത്ത്, ലൈഫ് മിഷനിലെ കോഴ, പ്രളയത്തട്ടിപ്പ്, പിന്‍വാതില്‍ നിയമനം, സര്‍ക്കാരിന്റെ അഴിമതികള്‍ എന്നിവ സിബിഐ അന്വേഷിക്കുക, സെക്രട്ടേറിയറ്റിലെ ഫയല്‍ കത്തിച്ച സംഭവം എന്‍ഐഎ അന്വേഷിക്കുക, മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യുഡിഎഫിന്റെ പ്രതിഷേധം സംഘടിപ്പിക്കുക.