Operation sindoor: 9 ഭീകരകേന്ദ്രങ്ങൾ തകർത്തു, നൂറിലധികം ഭീകരരെ വധിച്ചു, കൊല്ലപെട്ടത് 40 പാക് സൈനികർ, തെളിവുകള്‍ നിരത്തി വിശദീകരിച്ച് സൈനിക മേധാവികൾ

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയം തെളിവുകള്‍ നിരത്തി വിശദീകരിച്ച് കര-വ്യോമ-നാവികസേനാ ഉന്നതോദ്യോഗസ്ഥരുടെ വാര്‍ത്താസമ്മേളനം. മേയ് ഏഴാം തീയതി ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ ഒന്‍പത് ഭീകരകേന്ദ്രങ്ങളിലെ നൂറിലധികം ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് ഡിജിഎംഒ ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായ് പറഞ്ഞു.

കാണ്ഡഹാര്‍ വിമാനം റാഞ്ചല്‍, പുല്‍വാമ സ്‌ഫോടനം എന്നിവയില്‍ പങ്കാളിത്തമുള്ള കൊടുംഭീകരരായ യൂസുഫ് അസര്‍, അബ്ദുള്‍ മാലിക് റൗഫ്, മുദാസിര്‍ അഹമ്മദ് എന്നിവരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായും ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായ് കൂട്ടിച്ചേര്‍ത്തു. ഭീകരവാദത്തിന്റെ ആസൂത്രകരെയും ഭീകരകേന്ദ്രങ്ങളെയും തകര്‍ക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് ഈ സൈനിക നടപടി ആസൂത്രണം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

മേയ് ഏഴാം തീയതിക്കും പത്താം തീയതിക്കുമിടയില്‍ പാക് സൈന്യത്തിലെ 35-40 സൈനികര്‍ കൊല്ലപ്പെട്ടതായാണ് വിവരം. പാകിസ്താനിലും പാക് അധീന കശ്മീരിലും ഇന്ത്യ നടത്തിയ ആക്രമണങ്ങള്‍ ഭീകരവാദികളെ മാത്രം ലക്ഷ്യമിട്ടുള്ളതായിരുന്നെന്നും കര-വ്യോമ-നാവികസേനാ പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News