തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് സംസ്ഥാനത്ത് ആരാധാനാലയങ്ങള്‍ തുറക്കുന്നു. ശബരിമലയിലും ഗുരുവായൂരും ഓണ്‍ലൈന്‍, വെര്‍ച്ചല്‍ ക്യൂ രജിസ്‌ട്രേഷന്റെ അടിസ്ഥാനത്തിലായിരിക്കും ദര്‍ശനത്തിനുള്ള അനുവാദം കൊടുക്കുക. ഇതര സംസ്ഥാനത്തു നിന്നും ശബരിമലയില്‍ എത്തുന്നവര്‍ കൊവിഡില്ലെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കണം.
സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും പള്ളികളിലെ ആരാധനയെന്ന് മലങ്കര ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ശബരിമലയും ഗുരുവായൂരും ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.
ഒന്‍പതു മുതല്‍ ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങള്‍ തുറക്കും. ഗുരുവായൂരില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി ദിവസം 600 പേര്‍ക്ക് പ്രവേശനം നല്‍കും. മണിക്കൂറില്‍ 150 പേര്‍ എന്ന കണക്കിലായിരിക്കുമിത്. ഒരു ദിവസം 60 വിവാഹങ്ങള്‍ അനുവദിക്കും. ശബരിമലയില്‍ മിഥുന മാസ പൂജയ്ക്കായും ഉത്സവത്തിനായും 14 മുതല്‍ 28 വരെ നടതുറക്കും. ശബരിമലയില്‍ വെര്‍ച്ചല്‍ ക്യൂവില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. മണിക്കൂറില്‍ 200 പേര്‍ക്ക് പ്രവേശനം നല്‍കും. 50 പേരെ മാത്രമേ ഒരു സമയം ക്ഷേത്രമുറ്റത്ത് പ്രവേശിപ്പിക്കുകയുള്ളൂ. ഇതര സംസ്ഥാനത്തു നിന്നും വരുന്നവര്‍ ഐസിഎംആര്‍ന്റെ അംഗീകാരമുള്ള ലാബില്‍ നിന്നും കൊവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം.
അതേസമയം, ശബരിമലയില്‍ വിവിഐപി ദര്‍ശനവും താമസിക്കാനുള്ള സൗകര്യവും ഉണ്ടാകില്ല. കെഎസ്ആര്‍ടിസിക്കും സ്വകാര്യ വാഹനങ്ങള്‍ക്കും പമ്പ വരെ അനുമതി നല്‍കും. അപ്പം, അരവണ വിതരണം ഓണ്‍ലൈന്‍ വഴിയായിരിക്കും. വണ്ടിപ്പെരിയാര്‍ വഴിയുള്ള ദര്‍ശനം ഉണ്ടാകില്ല. പമ്പാ സ്‌നാനവും ഉണ്ടാകില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും പള്ളികളിലെ ആരാധനയെന്ന് മലങ്കര ആര്‍ച്ച് ബിഷപ്പ് ബസേലിയോസ് മാര്‍ക്ലമീസ് കാത്തോലിക്ക് ബാവ പറഞ്ഞു.