ആനയ്ക്ക് പിന്നാലെ ഗര്‍ഭിണിയായ പശുവിനോടും കൊടുംക്രൂരത; സ്‌ഫോടനത്തില്‍ പശുവിന്റെ വായ തകര്‍ന്നു
ഷിംല: പാലക്കാട് മണ്ണാര്‍ക്കാട് പന്നിപ്പടക്കം കടിച്ച് ആന ചരിഞ്ഞ സംഭവത്തിന്റെ ഞെട്ടല്‍ മാറും മുന്‍പ് രാജ്യത്ത് വീണ്ടും മിണ്ടാപ്രാണിയോട് ക്രൂരത. ഇത്തവണ ഗര്‍ഭിണിയായ പശുവാണ് ആക്രമണത്തിന് ഇരയായത്. സ്ഫോടവസ്തു ഉപയോഗിച്ച് പശുവിന്റെ വായ് തകര്‍ക്കുകയായിരുന്നു. പാടത്ത് മേയുന്നതിനിടെയാണ് സംഭവം നടന്നത്.
ഹിമാചല്‍ പ്രദേശിലെ ബിലാസ്പൂര്‍ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. പശുവിനെ ആക്രമിച്ചവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഉടമ ഗുര്‍ദയാല്‍ സിങ് ആവശ്യപ്പെട്ടു. അയല്‍വാസി മനഃപൂര്‍വ്വം പശുവിനെ ഉപദ്രവിക്കുകയായിരുന്നുവെന്നും അധികൃതര്‍ക്ക് നല്‍കിയ പരാതിയില്‍ ഗുര്‍ദയാല്‍ സിങ് ആരോപിച്ചു.
പശുവിനെ താടിയെല്ലില്‍ നിന്ന് രക്തം വാര്‍ന്ന് ഒഴുകുന്ന നിലയിലാണ് കണ്ടെത്തിയത്. വരുന്ന കുറച്ചു ദിവസത്തേയ്ക്ക് പശുവിന് ഒന്നും തന്നെ കഴിക്കാന്‍ സാധിക്കില്ല. ആക്രമണത്തിന് ശേഷം അയല്‍വാസി ഓടിപ്പോയതായും ഗുര്‍ദയാല്‍ സിങ് ആരോപിച്ചു. പത്തുദിവസം മുന്‍പാണ് സംഭവം നടന്നത്. മൃഗങ്ങള്‍ക്ക് എതിരെയുളള ക്രൂരത തടയല്‍ നിയമം അനുസരിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.