തൃശ്ശൂര്‍: ചാലക്കുടി പുഴയിലേക്ക് ജലമെത്തുന്ന എല്ലാ ഡാമുകളും തുറന്നതോടെ ജലനിരപ്പ് അപകടകരമാംവിധം ഉയരുന്നു. കേരള ഷോളയാര്‍, പെരിങ്ങല്‍കുത്ത്, പറമ്പിക്കുളം ഡാമുകള്‍ നിലവില്‍ തുറന്നിരിക്കുകയാണ്. പുഴയിലും വൃഷ്ടി പ്രദേശത്തും മഴ പെയ്യുന്നതിനാല്‍ നിലവിലെ ജലനിരപ്പില്‍ കാര്യമായ വര്‍ധനവുണ്ടാകും. ഡാമുകളില്‍ നിന്നുള്ള വെള്ളം രാത്രിയോടെ മാത്രമേ ചാലക്കുടി പുഴയിലേക്ക് എത്തുകയുള്ളൂ. ചാലക്കുടി പുഴയില്‍ സ്ഥിതി ഗൗരവതരമാണെന്ന് മന്ത്രി കെ. രാജനും ജില്ലാ ഭരണകൂടവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പുഴയോരത്ത് താമസിക്കുന്ന ആളുകള്‍ മാറി താമസിക്കണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരുന്ന എല്ലാ ഡാമുകളും തുറന്ന് കിടക്കുകയായതിനാല്‍ രാത്രിയോടെ ഇവിടങ്ങളില്‍ നിന്നുള്ള ജലം പുഴയിലേക്ക് പൂര്‍ണതോതില്‍ എത്തും. പറമ്പിക്കുളം ഡാമില്‍ നിന്ന് ഉള്‍പ്പെടെ 19,000 ക്യുസെക്‌സ് വെള്ളമാണ് ഒഴുക്കി വിടുന്നത്. ഏകദേശ ജലനിരപ്പ് 7.10 മീറ്റര്‍ ആകുമ്പോഴാണ് വാണിങ് ലെവല്‍ ആകുക. ഇത് എട്ട് മീറ്ററിലേക്ക് ഉയരുമ്പോള്‍ അത് അപകടകരമായ സ്ഥിതിയായി മാറും. എന്നാല്‍ ഈ അവസ്ഥയിലേക്ക് നിലവില്‍ കാര്യങ്ങള്‍ എത്തിയിട്ടില്ല.
അതേസമയം, പറമ്പിക്കുളത്തുനിന്ന് തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകാറുള്ള ജലം ഇപ്പോള്‍ കൊണ്ടുപോകുന്നില്ലെന്നതാണ് മറ്റൊരു വിവരം. ഇത് കേരള തമിഴ്‌നാട് സര്‍ക്കാരുകള്‍ തമ്മില്‍ ചര്‍ച്ച നടത്തി തീര്‍പ്പാക്കേണ്ട കാര്യമാണ്. അഞ്ച് ദിവസമായി കോണ്ടോര്‍ കനാല്‍ വഴി തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്നില്ല. 1200 ക്യുസക്‌സ് വെള്ളമാണ് ഇത്തരത്തില്‍ കൊണ്ടുപോയിരുന്നത്. എന്നാല്‍ ഇതും ഇപ്പോള്‍ ചാലക്കുടി പുഴയിലേക്കാണ് ഒഴുകുന്നത്.
അതേസമയം, രാത്രിയാണ് ജലനിരപ്പ് ഉയരാനുള്ള സാധ്യതയെങ്കിലും മുന്നൊരുക്കത്തിന്റെ ഭാഗമായിട്ടാണ് ആളുകളെ മാറ്റി പാര്‍പ്പിക്കുന്നത്. ചാലക്കുടിയില്‍ താലൂക്ക് അടിസ്ഥാനത്തിലും ഒപ്പം ജില്ലാ അടിസ്ഥാനത്തിലും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടേക്ക് ആളുകളെ മാറ്റി പാര്‍പ്പിച്ചുതുടങ്ങിയിട്ടുണ്ട്. 2018-ലെ പ്രളയബാധിത പ്രദേശങ്ങളായ കൂടപ്പുഴ, പരിയാരം, അന്നമനട, പാറക്കടവ് എന്നിവിടങ്ങളിലും പുത്തന്‍വേലിക്കര പഞ്ചായത്തിലും ആളുകളെ ഒഴിപ്പിക്കുന്നു. ചാലക്കുടി പുഴയോരത്തുള്ളവരെ മാറ്റി പാര്‍പ്പിച്ചതായി കളക്ടര്‍ അറിയിച്ചു.