KeralaNews

‘അറസ്റ്റ് ഉമ്മൻ ചാണ്ടി അറിഞ്ഞിരുന്നില്ല; തിരുവഞ്ചൂർ ഇപ്പോൾ പറയുന്നത് പച്ചക്കള്ളം’

തിരുവനന്തപുരം: സോളർ വിവാദകാലത്ത് അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും എഡിജിപിയായിരുന്ന ഹേമചന്ദ്രൻ ഐപിഎസും ഒത്തുകളിച്ചാണ് തന്നെ അറസ്റ്റു ചെയ്തതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പഴ്സനൽ അസിസ്റ്റന്റായിരുന്ന ടെനി ജോപ്പൻ. അറസ്റ്റിനെക്കുറിച്ച് അറിയില്ലായിരുന്നു എന്നു തിരുവഞ്ചൂർ പറയുന്നത് പച്ചക്കള്ളമാണ്. ആഭ്യന്തരമന്ത്രി അറിയാതെ എഡിജിപി തന്നെ അറസ്റ്റു ചെയ്യില്ല. അറസ്റ്റ് നടക്കുമ്പോള്‍ വിദേശത്തായിരുന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് സംഭവത്തെക്കുറിച്ച് അറിയില്ലായിരുന്നു.

ഉമ്മൻ ചാണ്ടിക്ക് അറസ്റ്റ് വിവരം ലഭിച്ചിരുന്നില്ലെന്ന് കെ.സി.ജോസഫ് എംഎൽഎയും വ്യക്തമാക്കിയിട്ടുണ്ടെന്നും ടെനി ജോപ്പൻ പറഞ്ഞു. ജോപ്പന്റെ അറസ്റ്റോടെയാണ് സോളർ കേസിൽ ഉമ്മന്‌ ചാണ്ടി സർക്കാർ പ്രതിരോധത്തിലായത്. സോളർ കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ലെന്നു കാട്ടി സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.

 ടെനി ജോപ്പന്റെ വെളിപ്പെടുത്തൽ ഇങ്ങനെ:‘‘സോളർ ഇടപാടിൽ എനിക്ക് പങ്കുണ്ടെന്ന വാർത്ത വരുന്നത് 2013 ജൂണിലാണ്. തുടർന്ന് ഞാൻ മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫിൽനിന്നു രാജി വച്ചു. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി അവാർഡ് വാങ്ങാൻ ബഹ്റൈനിലേക്ക് പോയത് ജൂൺ 27 നാണ്. എനിക്കും ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.

ഞാൻ രാജി വച്ചതിനാൽ യാത്ര ഒഴിവായി. മുഖ്യമന്ത്രി വിദേശത്തായിരിക്കെ കോട്ടയം ഡിവൈഎസ്പി എന്നെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചു. എഡിജിപി ഹേമചന്ദ്രന്റെ നേതൃത്വത്തിൽ ചെങ്ങന്നൂർ ഡിവൈഎസ്പി, തിരുവനന്തപുരത്തുനിന്നുള്ള ഡിവൈഎസ്പി, കോട്ടയം ഡിവൈഎസ്പി എന്നിവരാണ് ചോദ്യം ചെയ്തത്.

എന്റെ മൊഴി രേഖപ്പെടുത്തിയില്ല. ചോദ്യം ചെയ്ത ശേഷം മാറിയിരിക്കാൻ പറഞ്ഞു. വൈകിട്ടോടെ, എന്നെ അറസ്റ്റു ചെയ്തെന്ന് ഹേമചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റിനു പിന്നിൽ തിരുവഞ്ചൂരാണെന്ന് എല്ലാവർക്കും അറിയാം. കെ.സി.ജോസഫ് പറഞ്ഞത്, മുഖ്യമന്ത്രിയുടെ അറിവോടെയല്ല ജോപ്പനെ അറസ്റ്റു ചെയ്തത് എന്നാണ്. എനിക്കും ഉറപ്പാണ്, അറസ്റ്റ് മുഖ്യമന്ത്രി ഉമ്മൻചാണ്ടി അറിഞ്ഞിരുന്നില്ല.

തിരുവഞ്ചൂരും ഹേമചന്ദ്രനും ഒത്തുകളിച്ചാണ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കും ഓഫിസിലെ മറ്റു ചിലർക്കും ഇതിൽ പങ്കുണ്ടായിരുന്നു. മന്ത്രിമാരുടെ സ്റ്റാഫിൽ കയറിപ്പറ്റാനുള്ള ഒരു കോക്കസ് സെക്രട്ടേറിയറ്റിൽ പ്രവർത്തിക്കുന്നുണ്ട്. അവരാണ് ഇതിനു പിന്നില്‍. തെളിവില്ലാതെയാണ് എന്നെ അറസ്റ്റു ചെയ്തത്. സോളർ‌ തട്ടിപ്പുകേസിലെ പ്രതികൾക്ക് മല്ലേലിൽ ശ്രീധരൻ നായർ പണം നൽകിയത് ഞാൻ പറ‍ഞ്ഞിട്ടാണെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.

വഞ്ചനക്കുറ്റമാണ് ചുമത്തിയത്. 65 ദിവസം ജയിലിൽ കിടന്നു. ജാമ്യത്തിനു ശ്രമിക്കരുതെന്ന് അന്നത്തെ അഡ്വക്കറ്റ് ജനറൽ എന്റെ വക്കീലിനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ആഭ്യന്തര മന്ത്രിയായ തിരുവഞ്ചൂർ അറിയാതെ അറസ്റ്റു നടക്കില്ല. എന്നെ അറസ്റ്റു ചെയ്താൽ മുഖ്യമന്ത്രി വിദേശത്തുനിന്നു വരുമ്പോൾ രാജിവയ്ക്കേണ്ടിവരും. തിരുവഞ്ചൂരിന് മുഖ്യമന്ത്രിയാകാം’’ –ടെനി ജോപ്പൻ പറഞ്ഞു. 

കോന്നി മല്ലേലിൽ ഇൻഡസ്‌ട്രീസ് ഉടമ താഴം മല്ലേലിൽ ശ്രീധരൻ നായരുടെ പക്കൽനിന്നു സോളർ തട്ടിപ്പു കേസിലെ മുഖ്യപ്രതികൾ ചേർന്നു 40 ലക്ഷം രൂപ തട്ടിയെടുത്തതായി കോന്നി പൊലീസിൽ റജിസ്‌റ്റർ ചെയ്‌ത കേസിലാണ് ജോപ്പനെയും പ്രതി ചേർത്തത്. വഞ്ചനക്കുറ്റമാണ് (ഐപിസി 420) ചുമത്തിയത്.

പാലക്കാട് കിൻഫ്ര പാർക്കിൽ ടീം സോളറിന്റെ നേതൃത്വത്തിൽ മൂന്നു മെഗാവാട്ടിന്റെ സൗരോർജ പ്ലാന്റ് സ്‌ഥാപിക്കാമെന്നു വാഗ്‌ദാനം ചെയ്‌താണ് 2012 മേയിൽ ശ്രീധരൻ നായരിൽനിന്നു പണം തട്ടിയതെന്നാണ് കേസ്. ശ്രീധരൻ നായരെ മുഖ്യമന്ത്രിയുടെ ഓഫിസിൽ കൊണ്ടുവന്നു ജോപ്പനു പരിചയപ്പെടുത്തിയതു കേസിലെ മുഖ്യപ്രതിയാണെന്നും നല്ല പദ്ധതിയാണെന്നും ധൈര്യമായി മുന്നോട്ടു പോകാമെന്നും ശ്രീധരൻ നായരെ ജോപ്പൻ ഉപദേശിച്ചുവെന്നും പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. അതേസമയം, ജോപ്പൻ പണം വാങ്ങിയതായി തെളിവു കണ്ടെത്താനായില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button